'താങ്ക് യൂ ഗീതു': മലയാളി നഴ്സിനെ പ്രശംസിച്ച് മാൾട്ട പ്രധാനമന്ത്രി! അഭിമാനമായി ഗീതു
മാൾട്ടയിലെ ആരോഗ്യരംഗത്ത് ആത്മാർഥതയുടെ പ്രതീകമായി പേരെടുത്ത നഴ്സ്.
തൃശൂർ: ‘‘എന്റെ പപ്പയ്ക്കും മമ്മിക്കും അസുഖം വന്നപ്പോഴും എന്റെ മകൾക്കു പരിചരണം വേണ്ടിവന്നപ്പോഴും ഒരു വിദേശ നഴ്സ് ആണു തുണയായത്. അവരുടെ പേര് ഗീതു. താങ്ക് യൂ ഗീതു, നിങ്ങളുടെ സേവനങ്ങൾക്കു ഞങ്ങൾ കടപ്പെട്ടിരിക്കുന്നു’’– മാൾട്ടയുടെ പ്രധാനമന്ത്രി റോബർട്ട് അബേല പാർലമെന്റിൽ നടത്തിയ ബജറ്റ് പ്രസംഗത്തിലെ ഈ വാചകങ്ങൾ കേരളത്തിനും ഒരുപോലെ അഭിമാനകരമാണ്. മാൾട്ടയുടെ പുരോഗതിയിൽ ഇതരരാജ്യങ്ങളിൽ നിന്നെത്തി ജോലിചെയ്യുന്നവരുടെ പ്രാധാന്യത്തെക്കുറിച്ചു വ്യക്തമാക്കാനാണു പ്രധാനമന്ത്രി ഗീതുവിന്റെ പേരു പ്രത്യേകമായി പരാമർശിച്ചത്. ചാലക്കുടി മേലൂർ പയ്യപ്പിള്ളി വീട്ടിൽ ഗീതു ലൂയിസ് (35) ആണ് മാൾട്ടയിലെ ആരോഗ്യരംഗത്ത് ഈ നേട്ടം കൈവരിച്ചത്.
നാട്ടിൽ ഓപ്പറേഷൻ തിയറ്റർ നഴ്സായി ജോലി ചെയ്തിരുന്ന ഗീതു, 2018 ലാണ് യൂറോപ്യൻ രാജ്യമായ മാൾട്ടയിലെത്തുന്നത്. തുടർന്ന് കോവിഡ് ആഞ്ഞടിച്ച സമയത്ത്, വിമാനത്താവളത്തിൽ യാത്രക്കാർക്കു രോഗപരിശോധന നടത്താമോ എന്ന ചോദ്യവുമായി അധികൃതർ ഗീതുവിനെ സമീപിച്ചു. പലരും ഈ ദൗത്യത്തിൽ നിന്നും പിന്മാറിയെങ്കിലും ഗീതു ധൈര്യപൂർവം അതു ഏറ്റെടുക്കുകയാണുണ്ടായത്.
തുടർന്ന് പതിയെ കോവിഡ് പരിശോധനാ ദൗത്യത്തിന്റെ പൂർണ ചുമതല ഗീതുവിനെ തേടിയെത്തി. മാൾട്ടയിലെ 32 ആശുപത്രികളിലായി മുന്നൂറോളം ജീവനക്കാരുടെ ചുമതലയാണ് അവർ വിജയകരമായി നിർവഹിച്ചത്. ഇതോടെ മാൾട്ട സർക്കാർതലത്തിൽ ഏറ്റവും സ്വീകാര്യതയുള്ള ആരോഗ്യപ്രവർത്തകരിലൊരാളായി ഗീതു മാറി.
ഈ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലാണ് മാൾട്ടയുടെ മുൻ പ്രസിഡന്റും നിലവിലെ പ്രധാനമന്ത്രി റോബർട്ട് അബേലയുടെ പിതാവുമായ ജോർജ് അബേലയ്ക്ക് അപകടത്തിൽ പരുക്കേറ്റത്. അദ്ദേഹത്തിന്റെ പരിചരണച്ചുമതലയ്ക്കായി ഔദ്യോഗിക വസതിയിലേക്ക് ഗീതുവിനെ നേരിട്ട് വിളിക്കുകയായിരുന്നു.
തുടർന്ന് ഒരു വർഷത്തോളം അബേല കുടുംബത്തിലൊരംഗമായി ഗീതു അവിടെ തുടർന്നു. റോബർട്ട് അബേലയുടെ ഭാര്യയ്ക്കും മകൾക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായപ്പോഴും തുണയായത് ഗീതു തന്നെയായിരുന്നു. നിലവിൽ മകൾ ടിയാനയ്ക്കും കുടുംബാംഗങ്ങൾക്കുമൊപ്പമാണു മാൾട്ടയിൽ ഗീതുവിന്റെ താമസം. വിദേശമണ്ണിൽ മലയാളി നഴ്സുമാരുടെ പ്രശസ്തി വാനോളം ഉയർത്തിയിരിക്കുകയാണ് ഗീതു ലൂയിസ്.
Comments ()