‘സുഡാനി ഫ്രം നൈജീരിയ’യിലെ പ്രിയതാരം ഇനി ഓർമ; സാവിത്രി ശ്രീധരൻ അന്തരിച്ചു
പിന്നീട് സിനിമയിലേക്കും എത്തിയ അവർക്ക് കൂടുതൽ ശ്രദ്ധ ലഭിച്ചത് 2018ൽ പുറത്തിറങ്ങിയ ‘സുഡാനി ഫ്രം നൈജീരിയ’യിലൂടെയാണ്. ചിത്രത്തിലെ അഭിനയത്തിന് 66-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ പ്രത്യേക പരാമർശവും ലഭിച്ചു
കോഴിക്കോട്: നാടകവേദിയിലൂടെ കലാരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായിരുന്ന നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. 83 വയസ്സായിരുന്നു. കോഴിക്കോട് മാങ്കാവിലെ വീട്ടിലായിരുന്നു അന്ത്യം.
ദീർഘകാലം നാടക രംഗത്ത് സജീവമായിരുന്ന സാവിത്രി ശ്രീധരൻ പ്രശസ്ത നാടകകൃത്ത് കെ.ടി. മുഹമ്മദിന്റെ നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കലിംഗ, ചിരന്തന തിയറ്റേഴ്സ്, കോഴിക്കോട് സ്റ്റേജ് ഇന്ത്യ തുടങ്ങിയ നാടക സംഘങ്ങളുടെയും ഭാഗമായിരുന്നു അവർ. നാടകവേദിയിലെ ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെയാണ് സാവിത്രി ശ്രീധരൻ കലാരംഗത്ത് സ്വന്തമായ ഇടം നേടിയത്.
പിന്നീട് സിനിമയിലേക്കും എത്തിയ അവർക്ക് കൂടുതൽ ശ്രദ്ധ ലഭിച്ചത് 2018ൽ പുറത്തിറങ്ങിയ ‘സുഡാനി ഫ്രം നൈജീരിയ’യിലൂടെയാണ്. ചിത്രത്തിലെ അഭിനയത്തിന് 66-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ പ്രത്യേക പരാമർശവും ലഭിച്ചു.
‘സുഡാനി ഫ്രം നൈജീരിയ’യ്ക്ക് പുറമെ ‘ഡാകിനി’ (2018), ‘വൈറസ്’ (2019) തുടങ്ങിയ ചിത്രങ്ങളിലും സാവിത്രി ശ്രീധരൻ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. നാടകവും സിനിമയും ഒരുപോലെ ചേർത്തുപിടിച്ച കലാജീവിതത്തിനാണ് ഇതോടെ തിരശ്ശീല വീണത്.
Comments ()