18 വയസ്സില് തുടങ്ങിയ മോഷണം! പകൽ വസ്ത്രവ്യാപാരി, രാത്രി കള്ളൻ; കോടികളുടെ കൊട്ടാരം പണിത മോഷ്ടാവ് മലപ്പുറത്ത് പിടിയിൽ
നൂറോളം കേസുകളിൽ പ്രതിയായ ഇയാളെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടി റിമാൻഡ് ചെയ്തത്.
മലപ്പുറം: മഞ്ചേരി നഗരത്തെയും പോലീസിനെയും ഒരുപോലെ മുൾമുനയിൽ നിർത്തിയ തുടർ മോഷണ പരമ്പരകൾക്ക് ഒടുവിൽ അറുതിയായി. ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തിയിരുന്ന കൊടുംകുറ്റവാളി തേഞ്ഞിപ്പലം സ്വദേശി സൈനുദ്ദീനെയാണ് മഞ്ചേരി പോലീസ് പിടികൂടിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറോളം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി.
പകൽ സമയങ്ങളിൽ മാന്യനായ ഒരു വസ്ത്രവ്യാപാരിയെന്ന വ്യാജേനയാണ് സൈനുദ്ദീൻ സമൂഹത്തിൽ ഇടപെട്ടിരുന്നത്. ആഡംബര കാറുകളിൽ കറങ്ങിനടന്ന് പൂട്ടിക്കിടക്കുന്ന വീടുകൾ കൃത്യമായി നിരീക്ഷിച്ച് ഉറപ്പുവരുത്തുകയായിരുന്നു ഇയാളുടെ ആദ്യപടി. തുടർന്ന് അർദ്ധരാത്രിയോടെ ഇരുചക്രവാഹനത്തിൽ സ്ഥലത്തെത്തി, മുഖം മറച്ചും കൈകളിൽ ഗ്ലൗസ് ധരിച്ചും വീടുകളുടെ മുൻവാതിൽ തകർത്താണ് ഇയാൾ അകത്തുകടന്നിരുന്നത്.
തെളിവുകൾ അവശേഷിപ്പിക്കാതിരിക്കാൻ അതീവ ജാഗ്രത പുലർത്തിയിരുന്ന പ്രതി, മോഷണശേഷം വീടുകളിലെ സിസിടിവി ഹാർഡ് ഡിസ്കുകൾ കൂടി കൈക്കലാക്കിയ ശേഷമാണ് സ്ഥലം വിട്ടിരുന്നത്. മഞ്ചേരി, കാവനൂർ, രാമൻകുളം എന്നിവിടങ്ങളിൽ സഹോദരിക്കും കുടുംബത്തിനുമൊപ്പം വാടകയ്ക്ക് താമസിച്ചുകൊണ്ടായിരുന്നു ഇയാൾ നഗരത്തിലെ മോഷണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്.
പതിനെട്ടാം വയസ്സിൽ മോഷണരംഗത്തേക്ക് കടന്ന സൈനുദ്ദീൻ, ഓരോ ജില്ലയിലും കവർച്ച നടത്തിയ ശേഷം മറ്റു ജില്ലകളിലേക്ക് താമസം മാറി ആഡംബര ജീവിതം നയിക്കുന്നതായിരുന്നു പതിവ്. മോഷണമുതൽ ഉപയോഗിച്ച് കാവനൂർ വടക്കമല റോഡിൽ കോടികൾ വിലമതിക്കുന്ന ആഡംബര വീടും ഇയാൾ നിർമ്മിച്ചിട്ടുണ്ട്. 2024-ൽ പാലക്കാട്ടെ മോഷണക്കേസുകളിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ, പിന്നീട് കോഴിക്കോട് രജിസ്റ്റർ ചെയ്ത പോക്സോ (POCSO) കേസിലും പ്രതിയായിരുന്നു.
നഗരത്തിൽ മോഷണം വ്യാപകമായതോടെ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശപ്രകാരം മഞ്ചേരി പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും, സമാന രീതിയിൽ മോഷണം നടത്തുന്ന പഴയ കുറ്റവാളികളുടെ വിവരങ്ങൾ ശേഖരിച്ചും നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതി പോലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ സൈനുദ്ദീനെ പെരിന്തൽമണ്ണ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
Comments ()