തലസ്ഥാനത്തെ മൃഗശാല മാറ്റണമെന്ന് മുഖ്യമന്ത്രി; പിന്തുണച്ച് മേയർ, എതിർത്ത് വികെ പ്രശാന്ത്

നഗരത്തിലെ അമിത ചൂടും നിലവിലെ സാഹചര്യങ്ങളും മൃഗശാലയ്ക്ക് അനുയോജ്യമല്ലെന്നും സ്ഥലം മാറ്റുന്നതിലൂടെ മൃഗങ്ങൾക്കും നഗരത്തിനും ഗുണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

തലസ്ഥാനത്തെ മൃഗശാല മാറ്റണമെന്ന് മുഖ്യമന്ത്രി; പിന്തുണച്ച് മേയർ, എതിർത്ത് വികെ പ്രശാന്ത്

തിരുവനന്തപുരം: നഗരമധ്യത്തിലെ തിരുവനന്തപുരം മൃഗശാല മാറ്റാനുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശം പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. നെയ്യാർ, പാലോട് തുടങ്ങിയ വനമേഖലയോട് ചേർന്ന പ്രദേശത്തേക്ക് മൃഗശാല മാറ്റണമെന്ന ആശയത്തെ തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് പിന്തുണച്ചപ്പോൾ, സിപിഎം നേതാവ് വി.കെ. പ്രശാന്ത് ഇതിനെതിരെ രംഗത്തെത്തി. മൃഗങ്ങൾക്ക് കൂടുതൽ സ്വാഭാവിക അന്തരീക്ഷം ലഭിക്കുമെന്ന വാദമാണ് മേയർ ഉയർത്തുന്നത്. നഗരത്തിലെ അമിത ചൂടും നിലവിലെ സാഹചര്യങ്ങളും മൃഗശാലയ്ക്ക് അനുയോജ്യമല്ലെന്നും സ്ഥലം മാറ്റുന്നതിലൂടെ മൃഗങ്ങൾക്കും നഗരത്തിനും ഗുണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

‘റീ ഇമാജിനിങ് കേരള’ പരിപാടിയുടെ ഉദ്ഘാടനത്തിലാണ് മൃഗശാല നഗരത്തിൽനിന്ന് മാറ്റണമെന്ന ആശയം മുഖ്യമന്ത്രി മുന്നോട്ടുവച്ചത്. മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയോട് ചേർന്ന സ്ഥലത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ മൃഗശാല ഒരുക്കണമെന്നാണ് നിർദേശം. നിലവിലെ മൃഗശാല സ്ഥിതി ചെയ്യുന്ന പ്രദേശം മാഡിസൺ സ്ക്വയർ പോലെയുള്ള മനോഹരമായ പൊതുഇടമാക്കി മാറ്റാമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, പുതിയ മൃഗശാലയ്ക്കായി അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതും വിശദമായ സാങ്കേതിക-പാരിസ്ഥിതിക പരിശോധനകളും പ്രധാന ഘട്ടങ്ങളായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

എന്നാൽ മൃഗശാല മാറ്റാനുള്ള നീക്കത്തെ രൂക്ഷമായി വിമർശിച്ചാണ് വി.കെ. പ്രശാന്ത് പ്രതികരിച്ചത്. വിലപിടിപ്പുള്ള ഭൂമി വൻകിട താൽപര്യങ്ങൾക്ക് കൈമാറാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മൃഗശാല സാധാരണക്കാർക്കും കുട്ടികൾക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന നഗരത്തിലെ പ്രധാന വിനോദകേന്ദ്രമാണെന്നും ഇത് നഗരത്തിന് പുറത്തേക്ക് മാറ്റിയാൽ യാത്രാക്ലേശം വർധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൃഗശാലയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ചെറുകിട വ്യാപാരികളുടെയും തൊഴിലാളികളുടെയും ഉപജീവനത്തെയും മാറ്റം ബാധിക്കുമെന്നാണ് പ്രശാന്തിന്റെ നിലപാട്. ഈ നീക്കത്തെ ഇടതുപക്ഷം എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.