അമ്മയെ അസഭ്യം പറഞ്ഞതിന് വൈരാഗ്യം; എറണാകുളത്ത് യുവാവിനെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം

70 ശതമാനത്തോളം പൊള്ളലേറ്റ അരുണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജിഷ്ണു, സുഹൃത്ത് ചന്ദ്രൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അമ്മയെ അസഭ്യം പറഞ്ഞതിന് വൈരാഗ്യം; എറണാകുളത്ത് യുവാവിനെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം

എറണാകുളം പിറവത്ത് വ്യക്തിവൈരാഗ്യത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി. ആക്രമണത്തിൽ 70 ശതമാനത്തോളം പൊള്ളലേറ്റ കക്കാട് സ്വദേശി അരുണിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ 12.30-ന് പിറവം സ്നേഹഭവൻ റോഡിലായിരുന്നു സംഭവം.

കേസുമായി ബന്ധപ്പെട്ട് അരുണിനെ ആക്രമിച്ച പ്രധാന പ്രതി ജിഷ്ണു, ഇയാൾക്ക് സഹായം നൽകിയ സുഹൃത്ത് ചന്ദ്രൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിനിടെ ജിഷ്ണുവിനും നേരിയ തോതിൽ പൊള്ളലേറ്റിട്ടുണ്ട്. ഇവർക്കൊപ്പം സംഘത്തിലുണ്ടായിരുന്ന മൂന്നാമനായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.

മുൻപുണ്ടായ തർക്കത്തിന്റെ തുടർച്ചയായി ബുധനാഴ്ച വൈകിട്ട് അരുൺ, ജിഷ്ണുവിനെ ഫോണിൽ വിളിച്ചിരുന്നു. ഫോണെടുത്ത ജിഷ്ണുവിന്റെ അമ്മയോട് അരുൺ അസഭ്യം പറഞ്ഞതാണ് പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിലെ പ്രകോപനമെന്ന് പോലീസ് പറഞ്ഞു.