സഹോദരഭാര്യയെ യാത്രയാക്കി മടങ്ങവേ കാർ അപകടം; നവവധുവിന് ദാരുണാന്ത്യം

ബെംഗളൂരു വിമാനത്താവളത്തിൽ ഉവൈസിന്റെ സഹോദരഭാര്യയെ യാത്രയാക്കിയ ശേഷം കുടുംബം മടങ്ങുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ടത്. ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിലെ സംരക്ഷണ ഭിത്തിയിൽ ഇടിക്കുകയായിരുന്നു

സഹോദരഭാര്യയെ യാത്രയാക്കി മടങ്ങവേ കാർ അപകടം; നവവധുവിന് ദാരുണാന്ത്യം

മാനന്തവാടി: ബെംഗളൂരുവിൽ നിന്ന് മടങ്ങുന്നതിനിടെ വയനാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് നവവധുവായ യുവതി മരിച്ചു. മാനന്തവാടി ചങ്ങാടക്കടവ് സ്വദേശി മത്തൻ മുഹമ്മദ് ഉവൈസിന്റെ ഭാര്യ അഫ്രീന (23) ആണ് മരിച്ചത്. ബിഡദിക്ക് സമീപം ബുധനാഴ്ച വൈകിട്ട് മൂന്നോടെയാണ് അപകടം.

ബെംഗളൂരു വിമാനത്താവളത്തിൽ ഉവൈസിന്റെ സഹോദരഭാര്യയെ യാത്രയാക്കിയ ശേഷം കുടുംബം മടങ്ങുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ടത്. ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിലെ സംരക്ഷണ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ അഫ്രീനയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.

മുഹമ്മദ് ഉവൈസ്, മാതാവ്, സഹോദരി, സഹോദരിയുടെ കുട്ടി എന്നിവരും കാറിലുണ്ടായിരുന്നു. ഇവർക്കും അപകടത്തിൽ പരിക്കേറ്റെങ്കിലും പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. അഫ്രീനയും മുഹമ്മദ് ഉവൈസും കഴിഞ്ഞ മേയിലാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിലാണ് അപകടത്തിൽ യുവതിക്ക് ജീവൻ നഷ്ടമായത്.