ലഹരി വിൽപന ഉച്ചഭക്ഷണ സമയത്ത്; മൂന്നാം വട്ടവും സ്കൂളിൽ ചാരായവുമായെത്തി വിദ്യാർത്ഥി

സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനാണ് മദ്യം എത്തിക്കുന്നത്.

ലഹരി വിൽപന ഉച്ചഭക്ഷണ സമയത്ത്; മൂന്നാം വട്ടവും സ്കൂളിൽ ചാരായവുമായെത്തി വിദ്യാർത്ഥി

കോഴിക്കോട്: താമരശ്ശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ വാറ്റ് ചാരായം കണ്ടെത്തി. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വരുന്നത്. മദ്യം കഴിക്കാത്ത വിദ്യാര്‍ത്ഥികളാണ് സംഭവം വെളിപ്പെടുത്തിയത്. സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. അബ്കാരി ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തു.

സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനാണ് മദ്യം എത്തിക്കുന്നത്. ഉച്ചഭക്ഷണ സമയത്താണ് വിദ്യാര്‍ത്ഥികള്‍ മദ്യം ഉപയോഗിക്കുന്നതെന്ന് പിടിഎ പ്രസിഡന്റ് പ്രതികരിച്ചു. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്‍കാന്‍ ശ്രമുണ്ടായെന്നും വെളിപ്പെടുത്തലുണ്ട്. പണം വാങ്ങിയാണ് വിദ്യാര്‍ത്ഥി മദ്യം മറ്റ് കുട്ടികള്‍ക്ക് നല്‍കുന്നത്. ഇതേ വിദ്യാര്‍ത്ഥി സ്‌കൂളിലേക്ക് വാറ്റ് ചാരായം എത്തിക്കുന്നത് മൂന്നാം തവണയാണ്.

അതേസമയം, കുട്ടിയുടെ രണ്ടാനച്ഛനാണ് വാറ്റ് ചാരായം അര കുപ്പിലാക്കി കുട്ടിയുടെ ബാഗില്‍ കൊടുത്ത് വിടുന്നതെന്ന് പോലീസ് വ്യക്തമാക്കി. കേസില്‍ മുഖ്യപ്രതിയായ രണ്ടാനച്ഛനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പോലീസ് അറിയിച്ചു. നിലവില്‍ രണ്ടാനച്ഛന്‍ ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് അന്വേഷം ഊര്‍ജ്ജിതമാക്കി.

ഇന്നലെ അധ്യാപകരുടെ പരിശോധനയിലാണ് വാറ്റ് ചാരായം കണ്ടെത്തിയത്. പിന്നീട് നടന്ന പരിശോധനയില്‍ വിദ്യാര്‍ത്ഥിയുടെ വീടിന് സമീപത്തെ തോട്ടത്തില്‍ നിന്നും 56 കുപ്പി (28 ലിറ്റര്‍) വാറ്റ് ചാരായം പിടികൂടുകയും ചെയ്തു.