ജീവന് ഭീഷണി, കുംഭമേള വൈറല്‍ താരത്തിന് സുരക്ഷ ഉറപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

പെണ്‍കുട്ടിക്ക് സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

ജീവന് ഭീഷണി, കുംഭമേള വൈറല്‍ താരത്തിന് സുരക്ഷ ഉറപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് കുംഭമേള വൈറല്‍ താരം നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ്. പെണ്‍കുട്ടിക്ക് സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

കേരളത്തില്‍ ആയതുകൊണ്ടാണ് ജീവനോടെയിരിക്കുന്നതെന്നും മധ്യപ്രദേശില്‍ പോയാല്‍ ദുരഭിമാനക്കൊല ചെയ്യുമെന്ന് ഭീഷണിയുണ്ടെന്നും പെണ്‍കുട്ടി ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതേസമയം, താന്‍ പ്രായപൂര്‍ത്തിയായെന്ന പെണ്‍കുട്ടിയുടെ അവകാശവാദം മധ്യപ്രദേശ് സര്‍ക്കാര്‍ നിഷേധിക്കുകയാണ്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വാദം.

തിരുവനന്തപുരത്തെ അരുമാനൂര്‍ ശ്രീ നൈനാര്‍ ദേവ ക്ഷേത്രത്തില്‍ കഴിഞ്ഞ മാര്‍ച്ച് 11 നായിരുന്നു കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം. വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 16 വയസ് മാത്രമേ പ്രായമുള്ളൂ എന്നായിരുന്നു ദേശീയ പട്ടിക വര്‍ഗ കമ്മീഷന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.

മഹേശ്വര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ജനന സര്‍ട്ടിഫിക്കറ്റില്‍ 2009 ഡിസംബര്‍ 30 ന് വൈകിട്ട് 5.50 ന് പെണ്‍കുട്ടി ജനിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് പൊലീസിന് മുമ്പാകെ പെണ്‍കുട്ടി ഹാജരാക്കിയ രേഖകളില്‍ 2008 ജനുവരി ഒന്നാണ് ജനന തീയതി. ഇത് വ്യാജമാണെന്നാണ് കമ്മീഷന്‍ പറയുന്നത്.