പാലക്കാട് ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍
ഒലവക്കോട് വെച്ചാണ് ദമ്പതികളും സുഹൃത്തും പൊലീസിന്‍റെ പിടിയിലാവുന്നത്. ഒരു കോടി രൂപയുടെ ലഹരി വസ്തുക്കളാണ് പിടികൂടിയത്.
പാലക്കാട്: ഒലവക്കോട് ഒരു കിലോ എംഡിഎംഎ അടക്കം വൻ ലഹരിശേഖരവുമായി ദമ്പതികൾ ഉൾപ്പെടെ മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര സ്വദേശി അസറുദീൻ, ഇയാളുടെ ഭാര്യ മംഗലാപുരം സ്വദേശി ബീഫാത്തിമ എന്നിവരാണ് ഒലവക്കോട്ടെ വാഹനാ പരിശോധനയ്ക്കിടെ പിടിയിലായത്. എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പുകൾ എന്നിവയും ഇവരിൽ നിന്ന് കണ്ടെടുത്തു. പിടിച്ചെടുത്ത ലഹരിമരുന്നുകൾക്ക് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം ഒരു കോടി രൂപ വിലമതിക്കുമെന്ന് പോലീസ് അറിയിച്ചു.
തമിഴ്നാട്ടിൽ നിന്ന് വാടകയ്‌ക്കെടുത്ത ഇന്നോവ കാറിൽ ബെംഗളൂരുവിൽ നിന്നാണ് സംഘം ലഹരിവസ്തുക്കൾ കേരളത്തിലേക്ക് കടത്തിയത്. വരാനിരിക്കുന്ന ഓണവിപണി ലക്ഷ്യമിട്ടാണ് ഇത്രയും ഉയർന്ന അളവിൽ മയക്കുമരുന്ന് എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. സ്ഥിരം ലഹരിക്കടത്തുകാരായ ഇവർക്ക് പിന്നിൽ വലിയൊരു അന്തർസംസ്ഥാന ലഹരി റാക്കറ്റ് തന്നെയുണ്ടെന്നും, സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
Comments ()