മഴ മുന്നറിയിപ്പ്: പത്തനംതിട്ടയിൽ വിനോദസഞ്ചാരത്തിന് വിലക്ക്; ശബരിമല തീർഥാടനത്തിന് ഇളവ്

ശബരിമല തീര്‍ഥാടനത്തിന് ഈ നിയന്ത്രണത്തില്‍ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്.

മഴ മുന്നറിയിപ്പ്: പത്തനംതിട്ടയിൽ വിനോദസഞ്ചാരത്തിന് വിലക്ക്; ശബരിമല തീർഥാടനത്തിന് ഇളവ്

പത്തനംതിട്ട: ശക്തമായ മഴ തുടരുന്നതിനാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാഭരണകൂടം. പ്രതികൂല കാലാവസ്ഥ, കനത്ത മഴ, മണ്ണിടിച്ചില്‍ സാധ്യത, വനമേഖലകളിലെ അപകടസാധ്യത എന്നിവ കണക്കിലെടുത്ത് പത്തനംതിട്ടിയിലെ ഉയര്‍ന്ന പ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാര യാത്രകള്‍ ജില്ലാ കളക്ടര്‍ താല്‍ക്കാലികമായി നിരോധിച്ചു.

എന്നാല്‍, ശബരിമല തീര്‍ഥാടനത്തിന് ഈ നിയന്ത്രണത്തില്‍ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. ശബരിമലയിലേക്ക് ദര്‍ശനത്തിനായി എത്തുന്ന തീര്‍ഥാടകര്‍ക്ക് യാത്ര തുടരാമെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

അതേസമയം, തീര്‍ത്ഥാടകര്‍ രാത്രികാല യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്. ആളൊഴിഞ്ഞ വനമേഖലകളിലോ റോഡരികിലെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.
കനത്ത മഴയെ തുടര്‍ന്ന് വനമേഖലകള്‍ക്കിടയിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും അനാവശ്യമായി വാഹനം നിര്‍ത്തി വിശ്രമിക്കുകയോ താമസിക്കുകയോ ചെയ്യരുത്.

അധികൃതര്‍ അനുവദിച്ചിട്ടുള്ള പാര്‍ക്കിങ് കേന്ദ്രങ്ങളും വിശ്രമകേന്ദ്രങ്ങളും മാത്രമേ ഉപയോഗിക്കാവൂ. വെള്ളച്ചാട്ടങ്ങള്‍, പുഴകള്‍, തോടുകള്‍, ചെറുകുളങ്ങള്‍ തുടങ്ങിയ ജലാശയങ്ങളില്‍ ഇറങ്ങി കുളിക്കുകയോ സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്.

അധികൃതരുടെ മുന്നറിയിപ്പുകള്‍, പൊലീസ്, വനം, റവന്യൂ, ദുരന്തനിവാരണ വിഭാഗങ്ങള്‍ എന്നിവയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. പ്രതികൂല കാലാവസ്ഥയില്‍ അനാവശ്യ യാത്രകളും കാഴ്ച കാണുന്നതിനായുള്ള ഇടവേളകളും ഒഴിവാക്കണം.

അടിയന്തര സാഹചര്യം ഉണ്ടായാല്‍ ഉടന്‍ പൊലീസ്, ദുരന്തനിവാരണ അതോറിറ്റി അല്ലെങ്കില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളെ വിവരം അറിയിക്കണം.

പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങളും തീര്‍ഥാടകരും ജാഗ്രത പാലിക്കുകയും പൊലീസിന്റെയും മറ്റ് അധികൃതരുടെയും നിര്‍ദേശങ്ങള്‍ പൂര്‍ണമായി അനുസരിക്കുകയും ചെയ്യണമെന്ന് ജില്ലാ പൊലീസ് മേധാവി അഭ്യര്‍ഥിച്ചു.