തൃശ്ശൂരിൽ ഭാര്യയേയും മകനേയും കഴുത്തറത്ത് കൊന്നു; ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു
കഴുത്തു മുറിച്ച് ഗുരുതരാവസ്ഥയിലായ വിജേഷിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശ്ശൂർ: തൃശ്ശൂരിൽ ഭാര്യയേയും നാലരവയസ്സുകാരനായ മകനേയും കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കാൻ ശ്രമിച്ചു. തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയയെയും (27) മകൻ ദക്ഷിനെയും (4 1/2) കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ വിജേഷിനെ തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് (വ്യാഴാഴ്ച) പുലർച്ചെ ഒന്നരയോടെയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. പുലർച്ചെ വിസ്മയയുടെ നിലവിളി ശബ്ദം കേട്ട് അടുത്ത മുറിയിലുണ്ടായിരുന്ന സഹോദരൻ ഓടിയെത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. ഈ സമയത്ത് വിസ്മയയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് വിജേഷ് മകനുമായി മറ്റൊരു മുറിയിൽ കയറി വാതിലടയ്ക്കുകയും, ഉള്ളിൽ വെച്ച് കുട്ടിയെയും കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു എന്ന് പൊലീസ് അറിയിച്ചു. കഴുത്ത് മുറിച്ച് ഗുരുതരാവസ്ഥയിലായ വിജേഷിനെ പോലീസും ബന്ധുക്കളും ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments ()