ഇറാൻ യുദ്ധത്തിൽ നിലപാട് മയപ്പെടുത്തി ട്രംപ്; ലക്ഷ്യങ്ങൾ വെട്ടിച്ചുരുക്കി അമേരിക്ക
ഇറാന്റെ ആണവ ശേഷി നിയന്ത്രിക്കുന്നതിനൊപ്പം ആഗോള ഊർജവിപണിയിലെ സ്ഥിരത ഉറപ്പാക്കുന്നതിനാണ് ഇപ്പോൾ പ്രധാന പരിഗണന നൽകുന്നത്. അമേരിക്കക്കാർക്ക് കുറഞ്ഞ നിരക്കിൽ എണ്ണയും വാതകവും ലഭ്യമാക്കാൻ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ധന വിതരണം തടസ്സപ്പെടാതിരിക്കണമെന്നാണ് ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്
വാഷിങ്ടൺ: മാസങ്ങളായി തുടരുന്ന ഇറാൻ സംഘർഷത്തിൽ നിന്ന് പിന്മാറാനുള്ള നീക്കവുമായി അമേരിക്ക. ഇറാനിൽ ഭരണ മാറ്റം, സമ്പൂർണ കീഴടങ്ങൽ, മിഡിൽ ഈസ്റ്റിലെ പ്രോക്സി ഗ്രൂപ്പുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കൽ തുടങ്ങിയ നേരത്തെയുള്ള കർശന ആവശ്യങ്ങളിൽ നിന്ന് ഡൊണാൾഡ് ട്രംപ് ഭരണകൂടം പിന്നോട്ടുപോകുന്നതായാണ് പുതിയ സൂചനകൾ. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ലക്ഷ്യങ്ങൾ കൂടുതൽ പരിമിതപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.
ഇറാന്റെ ആണവ ശേഷി നിയന്ത്രിക്കുന്നതിനൊപ്പം ആഗോള ഊർജവിപണിയിലെ സ്ഥിരത ഉറപ്പാക്കുന്നതിനാണ് ഇപ്പോൾ പ്രധാന പരിഗണന നൽകുന്നത്. അമേരിക്കക്കാർക്ക് കുറഞ്ഞ നിരക്കിൽ എണ്ണയും വാതകവും ലഭ്യമാക്കാൻ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ധന വിതരണം തടസ്സപ്പെടാതിരിക്കണമെന്നാണ് ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. മറ്റൊന്ന് ഇറാൻ ആണവായുധം വികസിപ്പിക്കില്ലെന്ന് ഉറപ്പാക്കുകയെന്നതാണ്.
ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസാണ് ഭരണകൂടത്തിന്റെ പുതിയ മുൻഗണനകൾ വിശദീകരിച്ചത്. ഗൾഫ് മേഖലയിൽ നിന്നുള്ള ഇന്ധന വിതരണം തുടരുകയും ആണവായുധ വികസനം തടയുകയും ചെയ്യുന്നത് യുദ്ധം അവസാനിപ്പിക്കുന്നതിൽ നിർണായകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരു വിഷയങ്ങൾക്കും പ്രസിഡന്റിന്റെ കാഴ്ചപ്പാടിൽ തുല്യ പ്രാധാന്യമുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റും പറഞ്ഞു.
യുദ്ധത്തിന്റെ തുടക്കത്തിൽ ഇറാന്റെ ആണവ നിരായുധീകരണത്തിനായിരുന്നു ട്രംപ് ഭരണകൂടം പ്രധാനമായും ഊന്നൽ നൽകിയിരുന്നത്. സമ്പുഷ്ടീകരിച്ച യുറേനിയം പൂർണമായി കൈമാറണമെന്ന കർശന നിലപാടിലും ഇപ്പോൾ അയവ് പ്രകടമാണ്. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് വലിയ നാശനഷ്ടമുണ്ടായെന്നും ആണവ വസ്തുക്കൾ ഭൂമിക്കടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നുമുള്ള അമേരിക്കൻ വാദങ്ങൾക്കിടെയാണ് ചർച്ചകളിലൂടെ ഒത്തുതീർപ്പിനുള്ള സാധ്യത ഉയരുന്നത്. യുദ്ധത്തിന്റെ തുടക്കത്തിൽ പ്രഖ്യാപിച്ച വിശാല ലക്ഷ്യങ്ങളിൽ നിന്ന് പിന്മാറി ഇന്ധനവില നിയന്ത്രണത്തിലും ആണവ ഭീഷണി തടയുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അമേരിക്കൻ നയത്തിലെ വലിയ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
Comments ()