ടാറ്റ സൺസ് അധ്യക്ഷ പദവിയിലേക്ക് മലയാളിയും: ടി.വി. നരേന്ദ്രന്റെ പേര് പരിഗണനയിൽ

ടാറ്റ സ്റ്റീൽ എംഡിയും മലയാളിയുമായ ടി.വി. നരേന്ദ്രന്റെ പേരിനാണ് മുൻതൂക്കം.

ടാറ്റ സൺസ് അധ്യക്ഷ പദവിയിലേക്ക് മലയാളിയും: ടി.വി. നരേന്ദ്രന്റെ പേര് പരിഗണനയിൽ

മുംബൈ: ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എന്‍. ചന്ദ്രശേഖരന്‍ രാജിവെച്ചതിനെ തുടര്‍ന്ന് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ടാറ്റാ ഗ്രൂപ്പ് ആരംഭിച്ചു. കമ്പനിയുടെ ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍ പ്രകാരം രൂപീകരിച്ച അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്ന വ്യക്തിയെ പുതിയ ചെയര്‍മാനായി നിയമിക്കാന്‍ ടാറ്റാ സണ്‍സ് ബോര്‍ഡിന് അധികാരമുണ്ട്.

നിലവില്‍ ടാറ്റ സ്റ്റീല്‍ എംഡിയും സിഇഒയുമായ ടി.വി. നരേന്ദ്രന്റെ പേരാണ് അടുത്ത ചെയര്‍മാന്‍ സ്ഥാനത്തേക്ക് പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്. 1980-കള്‍ മുതല്‍ ടാറ്റാ ഗ്രൂപ്പില്‍ സുപ്രധാന ചുമതലകള്‍ വഹിച്ചുവരുന്ന അദ്ദേഹം എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിയും പഴയ കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ഇക്കണ്ടവാര്യരുടെ കൊച്ചുമകനുമാണ്. ഇദ്ദേഹത്തിന് പുറമേ ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് എം.ഡി ശൈലേഷ് ചന്ദ്രയുടെ പേരും അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.

അതേസമയം, 2022-ല്‍ വരുത്തിയ ചട്ടഭേദഗതി പ്രകാരം ഒരേസമയം ടാറ്റാ ട്രസ്റ്റ്‌സ്, ടാറ്റാ സണ്‍സ് അധ്യക്ഷ പദവികള്‍ ഒരാള്‍ക്ക് ഒരുമിച്ച് വഹിക്കാന്‍ സാധിക്കാത്തതിനാല്‍ നിലവിലെ ടാറ്റാ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ നോയല്‍ ടാറ്റയ്ക്ക് ഈ സ്ഥാനത്തേക്ക് വരാനാകില്ല. എയര്‍ ഇന്ത്യ നേരിടുന്ന പ്രവര്‍ത്തന പ്രതിസന്ധികള്‍ പരിഹരിക്കുക, ടി.സി.എസിന്റെ ഓഹരി വിലയിലുള്ള ചാഞ്ചാട്ടം നേരിടുക, സൈബര്‍ ആക്രമണം മൂലം ആഡംബര കാര്‍ ബ്രാന്‍ഡായ ജെ.എല്‍.ആറില്‍ ഉല്‍പ്പാദനം നിര്‍ത്തിവെക്കേണ്ടി വന്ന സാഹചര്യം മറികടക്കുക, ഒപ്പം ടാറ്റാ സണ്‍സിന്റെ ഐ.പി.ഒ സംബന്ധിച്ച തര്‍ക്കങ്ങള്‍ തീര്‍പ്പാക്കുക എന്നിവയായിരിക്കും പുതിയ ചെയര്‍മാന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളികള്‍.