മാതാപിതാക്കൾ വേർപിരിഞ്ഞാലും മക്കൾ സുരക്ഷിതർ; നിർണായക സംരംഭങ്ങളുമായി യുഎഇ

കുട്ടികളുടെ കസ്റ്റഡി നടപടികൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും മാതാപിതാക്കൾ വേർപിരിഞ്ഞ ശേഷവും കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമാണ് പദ്ധതികൾ ലക്ഷ്യമിടുന്നത്.

മാതാപിതാക്കൾ വേർപിരിഞ്ഞാലും മക്കൾ സുരക്ഷിതർ; നിർണായക സംരംഭങ്ങളുമായി യുഎഇ

അബുദാബി: മാതാപിതാക്കൾ തമ്മിലുള്ള കുടുംബ തർക്കങ്ങൾക്കിടയിലും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും ഉറപ്പാക്കുന്നതിനും കുടുംബസ്ഥിരത മെച്ചപ്പെടുത്തുന്നതിനുമായി പുതിയ ദേശീയ സംരംഭങ്ങളുമായി യുഎഇ. 'രാഷ്ട്രമാതാവ്' ശൈഖ ഫാത്തിമ ബിൻത് മുബാറക്കിന്റെ നേതൃത്വത്തിൽ നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള ജുഡീഷ്യൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും ജനറൽ വിമൻസ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിലാണ് നിർണായക പദ്ധതികൾ പ്രഖ്യാപിച്ചത്. മാതാപിതാക്കൾ വേർപിരിഞ്ഞ ശേഷമുള്ള ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ മാർഗരേഖയായ 'പോസ്റ്റ് സെപ്പറേഷൻ ഫാമിലി ചാർട്ടർ' സമ്മേളനത്തിൽ ചർച്ച ചെയ്തു.

കസ്റ്റഡി തീരുമാനങ്ങളിൽ കുട്ടികളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകാനും മാതാപിതാക്കളുടെ സഹകരണം ഉറപ്പാക്കാനും ഇത് സഹായിക്കും. കുട്ടികളുടെ അവകാശ സംരക്ഷണത്തിന് നിയമപരമായ പരിരക്ഷയ്ക്ക് പുറമെ വൈകാരിക പിന്തുണയും അത്യാവശ്യമാണെന്ന് ജനറൽ വിമൻസ് യൂണിയൻ സെക്രട്ടറി ജനറൽ നൂറ ഖലീഫ അൽ സുവൈദി വ്യക്തമാക്കി. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച് പ്രവർത്തിക്കുന്ന 'ചൈൽഡ് കസ്റ്റഡി വിസിറ്റേഷൻ സെന്റർ' വഴി കുട്ടികൾക്ക് മാതാപിതാക്കളെ സുരക്ഷിതമായി കാണാനും മാനസിക-സാമൂഹിക പിന്തുണ നേടാനും വഴിയൊരുങ്ങുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

കുടുംബ തർക്കങ്ങളിൽ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കോടതികളും സർക്കാർ സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് നീതിന്യായ മന്ത്രി അബ്ദുള്ള സുൽത്താൻ ബിൻ അവാദ് അൽ നുഐമി വ്യക്തമാക്കി. ഡിജിറ്റൽ ലോകത്തെ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിൽ പബ്ലിക് പ്രോസിക്യൂഷൻ, മാധ്യമങ്ങൾ എന്നിവയുടെ പങ്കും ചർച്ച ചെയ്ത സമ്മേളനം, ജുഡീഷ്യറി, പൊലീസ്, സാമൂഹിക സംഘടനകൾ എന്നിവ തമ്മിലുള്ള സഹകരണം ശക്തമാക്കാനും ബോധവൽക്കരണം വിപുലീകരിക്കാനും ശുപാർശ ചെയ്തുകൊണ്ടാണ് സമാപിച്ചത്.