സൗദി യാത്രാ പ്രതിസന്ധി നീളുന്നു; എയർ ഇന്ത്യ സർവീസുകൾക്ക് നിയന്ത്രണം തുടരും

പ്രവാസികൾക്കും ഉംറ തീർഥാടകർക്കും നിർണായകമായ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ തടസ്സപ്പെട്ടതോടെ യാത്രാ പ്രതിസന്ധി നീളുകയാണ്. ഇൻഡിഗോ, ആകാശ എയർ എന്നിവയുടെ സർവീസുകളും പൂർണതോതിൽ പ്രവർത്തിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ

സൗദി യാത്രാ പ്രതിസന്ധി നീളുന്നു; എയർ ഇന്ത്യ സർവീസുകൾക്ക് നിയന്ത്രണം തുടരും

ദുബായ്: മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് സൗദി അറേബ്യയിലേക്കുള്ള വിമാനയാത്രാ തടസ്സങ്ങൾ തുടരുന്നു. ജിദ്ദ, ദമ്മാം, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയ നടപടി ഒക്ടോബർ 24 വരെ നീട്ടിയതായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചു. പ്രവാസികൾക്കും ഉംറ തീർഥാടകർക്കും നിർണായകമായ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ തടസ്സപ്പെട്ടതോടെ യാത്രാ പ്രതിസന്ധി നീളുകയാണ്. ഇൻഡിഗോ, ആകാശ എയർ എന്നിവയുടെ സർവീസുകളും പൂർണതോതിൽ പ്രവർത്തിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. അടിയന്തരമായി ഇന്ത്യയിലേക്ക് മടങ്ങേണ്ടവർ സമീപ രാജ്യങ്ങളിലൂടെയുള്ള യാത്രാ സാധ്യതകൾ പരിശോധിക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചു.

അതിനിടെ, സൗദി അറേബ്യയ്ക്ക് പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട് ഈജിപ്തിന്റെ നീക്കം ശ്രദ്ധേയമാകുന്നു. തുർക്കിക്കും പാക്കിസ്ഥാനും പിന്നാലെ സൗദിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ഈജിപ്ത് പാർലമെന്റ് അടിയന്തര യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം. ഹൂത്തികൾക്കെതിരായ സൈനിക നടപടിക്ക് ഇസ്രയേലിന്റെ സഹായം സ്വീകരിക്കാൻ സൗദിയെ അമേരിക്ക പ്രേരിപ്പിക്കുന്നതിനിടെയാണ് ഈ നീക്കം. യെമനിലെ ഏദൻ വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈലാക്രമണത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. വിമാനത്തിൽ നിന്ന് ഏകദേശം 500 മീറ്ററും റൺവേയിൽ നിന്ന് 100 മീറ്ററും അകലെയാണ് രണ്ട് മിസൈലുകൾ പതിച്ചതെന്നാണ് റിപ്പോർട്ട്.

അതേസമയം, ഹോർമൂസ് കടലിടുക്കിൽ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട ആശങ്കകളും വർധിക്കുന്നു. ഒരു കപ്പൽ കൂടി കടൽമൈനിൽ തട്ടി തകർന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി തീരത്തുനിന്ന് 68 നോട്ടിക്കൽ മൈൽ അകലെയായി മറ്റൊരു കപ്പലിന് നേരെയും ആക്രമണമുണ്ടായതായാണ് വിവരം. കപ്പലുകൾക്കെതിരായ എല്ലാ സംഭവങ്ങളും റിപ്പോർട്ട് ചെയ്യാൻ സാധിക്കുന്നില്ലെന്ന് യുകെ മാരിടൈം ഓർഗനൈസേഷനും വ്യക്തമാക്കിയിട്ടുണ്ട്. ചില കപ്പലുകൾ ആക്രമണവിവരങ്ങൾ അധികൃതരെ അറിയിക്കാത്തതാണ് ഇതിന് കാരണമെന്നാണ് വിശദീകരണം.