‘റീൽസിനുള്ള പഞ്ച് ഡയലോഗുകൾ മാത്രം’; വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി

സഭയിലെ മുഖ്യമന്ത്രിയുടെ ഇടപെടൽ രാഷ്ട്രീയ പ്രസംഗത്തേക്കാൾ സോഷ്യൽ മീഡിയ റീലുകൾക്കുള്ള പഞ്ച് ഡയലോഗുകൾ പോലെയായിരുന്നുവെന്നും ഉദയനിധി വിമർശിച്ചു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ വിജയ് തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

‘റീൽസിനുള്ള പഞ്ച് ഡയലോഗുകൾ മാത്രം’; വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി

ചെന്നൈ: നിയമസഭയിൽ മുഖ്യമന്ത്രി വിജയ് നടത്തിയ പ്രസംഗത്തെ പരിഹസിച്ചും വിമർശിച്ചും ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിൻ. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം പഴയ രാഷ്ട്രീയ സംഭവങ്ങൾ പരാമർശിച്ച് ചർച്ച വഴിതിരിച്ചുവിടാനാണ് വിജയ് ശ്രമിച്ചതെന്ന് ഉദയനിധി ആരോപിച്ചു.

സഭയിലെ മുഖ്യമന്ത്രിയുടെ ഇടപെടൽ രാഷ്ട്രീയ പ്രസംഗത്തേക്കാൾ സോഷ്യൽ മീഡിയ റീലുകൾക്കുള്ള പഞ്ച് ഡയലോഗുകൾ പോലെയായിരുന്നുവെന്നും ഉദയനിധി വിമർശിച്ചു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ വിജയ് തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിയ കമ്മീഷനെക്കുറിച്ച് വിജയ് നടത്തിയ പരാമർശവും ഡി.എം.കെ നേതാവ് ചോദ്യം ചെയ്തു. കമ്മീഷന്റെ ചരിത്രവും റിപ്പോർട്ടും സംബന്ധിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് മുഖ്യമന്ത്രി വിഷയത്തിൽ സംസാരിച്ചതെന്നായിരുന്നു ഉദയനിധിയുടെ പരിഹാസം. മറ്റാരോ തയ്യാറാക്കി നൽകിയ കുറിപ്പുകൾ നോക്കി വായിക്കുകയാണ് വിജയ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാരിയ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമുള്ള കാലയളവിൽ ഡി.എം.കെ പലതവണ തമിഴ്നാട് ഭരിച്ചിട്ടുണ്ടെന്നും ഉദയനിധി ചൂണ്ടിക്കാട്ടി. അഴിമതിക്കേസിൽ ഡി.എം.കെ മുഖ്യമന്ത്രിമാർ ജയിലിൽ പോയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, വിജയിനെതിരെ ആദായനികുതി വകുപ്പ് സ്വീകരിച്ച നടപടികളും ഉദയനിധി പരാമർശിച്ചു. യഥാർഥ വരുമാനം വെളിപ്പെടുത്തിയില്ലെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസാണ് വിജയ് നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിനെയും പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമർശിച്ചു. മന്ത്രിസഭയിലെ ഒരു മന്ത്രി ലഹരി ഉപയോഗിച്ചെന്ന ആരോപണം നിലനിൽക്കുമ്പോഴും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നാണ് ഉദയനിധിയുടെ കുറ്റപ്പെടുത്തൽ.

വിജയ് നിയമസഭയിൽ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് ഡി.എം.കെ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് വിമർശനം ശക്തമായത്. സഭയിലെ പ്രതിപക്ഷ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ രാഷ്ട്രീയ ചരിത്രത്തിലേക്ക് ചർച്ച മാറ്റാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന ആരോപണമാണ് ഡി.എം.കെ പ്രധാനമായും ഉന്നയിക്കുന്നത്.