ഉപരിപഠനം നിര്‍ത്തി യുകെയില്‍ നിന്ന് രഹസ്യമായി നാട്ടിലെത്തിയ യുവതിക്ക് ദാരുണാന്ത്യം
34 കാരിയെ പുണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
മുംബൈ: ലണ്ടനിൽ ഉപരിപഠനത്തിന് പോയ ശേഷം വീട്ടുകാരെ അറിയിക്കാതെ മാസങ്ങൾക്കു മുൻപ് ഇന്ത്യയിൽ തിരിച്ചെത്തിയ 34-കാരിയെ പുണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഛത്രപതി സംഭാജിനഗർ സ്വദേശിയായ മുഗ്ധ ദേശ്മുഖ് ആണ് മരിച്ചത്. ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ വഴിയുള്ള സാമ്പത്തിക ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതി ഇന്ത്യയിലുണ്ടെന്ന വിവരവും പിന്നാലെ ദാരുണമായ മരണവാർത്തയും പുറത്തുവരുന്നത്.
കഴിഞ്ഞ വർഷം ജൂലൈയിലാണ് എംബിഎ പഠനത്തിനായി മുഗ്ധ യുകെയിലേക്ക് പോയത്. അവിടെ തനിച്ചു താമസിച്ചിരുന്ന മുഗ്ധ, ഫോൺ കോളുകൾ വഴിയും സന്ദേശങ്ങൾ വഴിയും കുടുംബവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. എന്നാൽ, ഒക്ടോബർ 24 മുതൽ ഫോൺ വിളിച്ചിട്ട് എടുക്കാതാവുകയും പിന്നീട് മൊബൈൽ ഫോൺ പൂർണ്ണമായും സ്വിച്ച് ഓഫ് ആവുകയും ചെയ്തു.
ആശങ്കാകുലരായ മാതാപിതാക്കൾ ലണ്ടനിലുള്ള മുഗ്ധയുടെ സുഹൃത്തിനെ ബന്ധപ്പെട്ടപ്പോൾ, ഒക്ടോബർ 22 നാണ് അവസാനമായി സംസാരിച്ചതെന്നാണ് വിവരം ലഭിച്ചത്. തുടർന്ന് ബന്ധുക്കൾ ലണ്ടൻ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ പരിശോധനയിലാണ് ഓഗസ്റ്റ് അവസാനത്തോടെ തന്നെ മുഗ്ധ യുകെ വിട്ടുപോയതായി വ്യക്തമായത്.
തുടർന്ന് മകളെ കണ്ടെത്തുന്നതിനായി കുടുംബം ഇന്ത്യൻ ഹൈക്കമ്മിഷന്റെ സഹായം തേടുകയായിരുന്നു. അന്വേഷണത്തിനിടെ പിതാവ് മുഗ്ധയുടെ ബാങ്ക് അക്കൗണ്ട് രേഖകൾ പരിശോധിച്ചപ്പോഴാണ് ഒക്ടോബർ 8 നും 25 നും ഇടയിൽ നിരവധി തവണ ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്തതായി കണ്ടത്. ഇതിൽ ചില ഇടപാടുകൾ ഛത്രപതി സംഭാജിനഗറിലെ ഒസ്മാൻപുരയിൽനിന്നാണെന്ന് മനസ്സിലാക്കിയതോടെ മകൾ ഇന്ത്യയിൽ തന്നെയുണ്ടെന്ന് കുടുംബം ഉറപ്പിച്ചു.
തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയും അവർ നടത്തിയ വിവരശേഖരണത്തിൽ മുഗ്ധ പൂണെയിലെ ഗാഹുഞ്ജെയിലുള്ള 'ലോധ ബെൽമോണ്ടോ' കോംപ്ലക്സിൽ വാടകയ്ക്ക് താമസിക്കുകയാണെന്ന് കണ്ടെത്തുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഫ്ലാറ്റിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്നപ്പോഴാണ് മുഗ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments ()