സ്കൂളില്‍ വച്ച് ആറുവയസ്സുകാരിയെ തല്ലിച്ചതച്ച് മൂന്നാം ക്ലാസുകാരന്; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍
കിന്റർഗാർട്ടൺ വിദ്യാർഥിനിയാണ് ക്രൂരതയ്ക്ക് ഇരയായത്.
ചണ്ഡീഗഢ്: ഹരിയാനയിലെ പഞ്ച്കുള സംസ്കൃതി മോഡൽ സ്കൂളിൽ കെ.ജി വിദ്യാർഥിനിയായ ആറുവയസ്സുകാരിക്ക് മൂന്നാം ക്ലാസ് വിദ്യാർഥിയിൽ നിന്ന് ക്രൂരമായ മർദ്ദനമേറ്റു. കുട്ടിയുടെ തല ഡസ്കിലിടിക്കുകയും കല്ലും ചെടിച്ചട്ടിയും ഉപയോഗിച്ച് തല്ലിച്ചതയ്ക്കുകയും ചെയ്ത സംഭവത്തിൽ ആറുവയസ്സുകാരി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അതിദാരുണമായ ഈ സംഭവം പുറത്തറിയുന്നത്.
പെൺകുട്ടിയെ വലിച്ചിഴച്ച് ക്ലാസ്മുറിയിലേക്ക് കൊണ്ടുവരുന്ന എട്ടുവയസ്സുകാരൻ കുട്ടിയുടെ തല രണ്ടുതവണ ഡസ്കിലിടിപ്പിക്കുകയും തറയിലേക്ക് തള്ളിയിട്ട് ക്രൂരമായി ചവിട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. തുടർന്ന് കല്ലും ചെടിച്ചട്ടിയും ഉപയോഗിച്ച് പെൺകുട്ടിയെ തല്ലിച്ചതയ്ക്കുകയായിരുന്നു. രക്തത്തിൽ കുളിച്ച് ബോധരഹിതയായി വീണ ശേഷവും പെൺകുട്ടിയെ എട്ടുവയസ്സുകാരൻ തറയിലൂടെ വലിച്ചിഴയ്ക്കുകയും ചവിട്ടുകയും ചെയ്തു. ഒന്നര മിനിറ്റോളമാണ് ക്ലാസ്മുറിക്കുള്ളിൽ വച്ച് ഈ അക്രമം തുടർന്നത്.
കുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ മാതാപിതാക്കൾ സ്കൂളിലെത്തിയപ്പോൾ ഈ എട്ടുവയസ്സുകാരൻ തന്നെയാണ് കുട്ടിയുടെ അടുത്തേക്ക് അവരെ നയിച്ചത്. "നിങ്ങളുടെ മകൾ ഇവിടെ വീണു കിടക്കുന്നുണ്ട്" എന്നാണ് വിദ്യാർഥി മാതാപിതാക്കളോട് പറഞ്ഞത്. ഉടൻതന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്കുകൾ ഗുരുതരമായതിനെ തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ചണ്ഡീഗഢിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എട്ടുവയസ്സുകാരന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് മുൻപ് അധ്യാപകരോട് പരാതി പറഞ്ഞതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പെൺകുട്ടിയുടെ അമ്മാവൻ പറഞ്ഞു. ആൺകുട്ടി മുൻപും അക്രമാസക്തമായി പെരുമാറിയിട്ടുണ്ടെന്നും തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നതടക്കം നിരവധി പരാതികൾ കുട്ടിക്കെതിരെ മുൻപും ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments ()