വന്ദേമാതരം ആദ്യം, തൊട്ടുപിന്നാലെ ജനഗണമന; ദേശീയഗീതത്തിന്റെ ആലാപന ക്രമത്തില്‍ മാറ്റവുമായി കേന്ദ്രം

മുന്‍പ് ആദ്യത്തെ രണ്ട് ചരണങ്ങള്‍ മാത്രം പാടിയിരുന്ന രീതിക്ക് പകരം, ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ യഥാര്‍ത്ഥ കവിതയിലെ ആറ് ചരണങ്ങളും ഇനിമുതല്‍ പൂര്‍ണ്ണമായി ആലപിക്കേണ്ടതുണ്ട്.

വന്ദേമാതരം ആദ്യം, തൊട്ടുപിന്നാലെ ജനഗണമന; ദേശീയഗീതത്തിന്റെ ആലാപന ക്രമത്തില്‍ മാറ്റവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ദേശീയഗീതമായ 'വന്ദേമാതര'ത്തിന്റെ ആലാപനത്തിന് പുതിയ ഭേദഗതികളും മാര്‍ഗ്ഗരേഖകളും നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ പ്രതീകങ്ങളുടെ ആധികാരികത നിലനിര്‍ത്താനും രാജ്യവ്യാപകമായി ഏകീകരണം ഉറപ്പാക്കാനുമാണ് ഈ പരിഷ്‌കാരം.

മുന്‍പ് ആദ്യത്തെ രണ്ട് ചരണങ്ങള്‍ മാത്രം പാടിയിരുന്ന രീതിക്ക് പകരം, ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ യഥാര്‍ത്ഥ കവിതയിലെ ആറ് ചരണങ്ങളും ഇനിമുതല്‍ പൂര്‍ണ്ണമായി ആലപിക്കേണ്ടതുണ്ട്. പൂര്‍ണ്ണരൂപത്തിലുള്ള ദേശീയഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം 3 മിനിറ്റും 10 സെക്കന്‍ഡുമായി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചു. ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളില്‍, വന്ദേമാതരം വേണം ആദ്യം ആലപിക്കാന്‍. ഇതിന് തൊട്ടുപിന്നാലെ ദേശീയഗാനം ആലപിക്കേണ്ടതുമാണ്.

മിലിട്ടറി അല്ലെങ്കില്‍ പൊലീസ് ബാന്‍ഡുകള്‍ ഈ ഗീതം പ്ലേ ചെയ്യുമ്പോള്‍, സദസ്സിന് മുന്നറിയിപ്പ് നല്‍കാനായി ഏഴ് തവണ ഡ്രം റോള്‍ അടിച്ച് വേണം ആരംഭിക്കാന്‍.

സ്‌കൂളുകളിലും സര്‍വ്വകലാശാലകളിലും ദൈനംദിന പ്രാര്‍ത്ഥനകളുടെയും ഔദ്യോഗിക ചടങ്ങുകളുടെയും ഭാഗമായി വന്ദേമാതരം കൂട്ടമായി ആലപിക്കണമെന്ന് യു.ജി.സിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. വന്ദേമാതരം ആലപിക്കുമ്പോള്‍ കൃത്യമായ ഉച്ചാരണവും ഔദ്യോഗിക വരികളും മാത്രമേ ഉപയോഗിക്കാവൂ എന്ന് കേന്ദ്രം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.