സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമല്ല; സ്വാതന്ത്ര്യദിനത്തിൽ ദേശീയഗാനം മാത്രം, പുതിയ സർക്കുലർ

ദേശീയഗാനം ആലപിക്കുന്ന സമയത്ത് എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയപതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കുന്നതിനൊപ്പം ഹരിത പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്

സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമല്ല; സ്വാതന്ത്ര്യദിനത്തിൽ ദേശീയഗാനം മാത്രം, പുതിയ സർക്കുലർ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ വന്ദേമാതരം ആലപിക്കണമെന്ന നിർദേശം നൽകിയിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ. സ്വാതന്ത്ര്യദിന പരിപാടികളിൽ ദേശീയഗാനം ആലപിക്കണമെന്നാണ് സ്കൂളുകൾക്ക് നൽകിയിരിക്കുന്ന പ്രധാന നിർദേശം.

ദേശീയഗാനം ആലപിക്കുന്ന സമയത്ത് എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയപതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കുന്നതിനൊപ്പം ഹരിത പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിർദേശം നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെ സ്കൂളുകളിലും വന്ദേമാതരം നിർബന്ധമാകുമെന്ന തരത്തിൽ ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ പുതിയ സർക്കുലറിൽ വന്ദേമാതരത്തെക്കുറിച്ച് പരാമർശമില്ല.

പ്രോട്ടോക്കോൾ ഓഫീസറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകളിലെ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയത്.

ചീഫ് സെക്രട്ടറി കേന്ദ്രസർക്കാരിന്റെ നിർദേശം സംസ്ഥാന സർക്കാരിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് പ്രത്യേക നിലപാടില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ സർക്കാരിന്റെ നയം വ്യക്തമായി നിലനിൽക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കിയിരുന്നു.

പുതിയ സർക്കുലർ പുറത്തിറങ്ങിയതോടെ സ്കൂളുകളിലെ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ഉയർന്നിരുന്ന വന്ദേമാതരം നിർബന്ധമാക്കുമെന്ന അഭ്യൂഹങ്ങൾക്കും വ്യക്തതയായിരിക്കുകയാണ്.