വന്ദേമാതരത്തോട് അനാദരവ് കാട്ടിയാൽ മൂന്ന് വർഷം തടവ്
ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വരാനിരിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ വന്ദേമാതരത്തെ അപമാനിക്കുന്നവര്‍ക്ക് തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്നതുള്‍പ്പെടെയുള്ള നിര്‍ണായക ബില്ലുകള്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഭരണഘടനാ ഭേദഗതി ബില്ലുകള്‍ പാസാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലോക്‌സഭയില്‍ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി.
വന്ദേമാതരത്തെ അവഹേളിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടു കൂടിയോ ശിക്ഷയായി വ്യവസ്ഥ ചെയ്യുന്ന 'പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്‌സ് ടു നാഷണല്‍ ഓണര്‍ അമന്‍ഡ്‌മെന്റ് ബില്ല് 2026' ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ അവതരിപ്പിക്കും. വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതും നിലവില്‍ ദേശീയഗാനത്തെ അപമാനിക്കുന്നതിന് തുല്യമായ കുറ്റകൃത്യമായി പരിഗണിക്കാനാണ് പുതിയ ഭേദഗതി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം ഈ ബില്ലിന് അനുമതി നല്‍കിയിട്ടുണ്ട്.
ക്രൈസ്തവ സംഘടനകളുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയ എഫ്‌സിആര്‍എ ഭേദഗതി ബില്ലും ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഈ ഭേദഗതിയില്‍ ദോഷകരമായി ഒന്നുമില്ലെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ നേതൃത്വത്തിന് അമിത് ഷാ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും, പുതിയ നീക്കത്തില്‍ സംഘടന വിയോജിപ്പ് അറിയിച്ചേക്കുമെന്നാണ് സൂചന. ഇതോടെ സഭ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്.
ഇവയ്ക്ക് പുറമെ ഇന്‍കം ടാക്‌സ് ഭേദഗതി ബില്‍, സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 34ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്നതിനുള്ള ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍, ജനനമരണ രജിസ്‌ട്രേഷന്‍ ഭേദഗതി ബില്‍, ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ ബില്‍ എന്നിവയും ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും. അതേസമയം, ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലും, മുപ്പത് ദിവസം ജയിലില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ അയോഗ്യരാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന 130-ാം ഭരണഘടനാ ഭേദഗതി ബില്ലും ഈ സമ്മേളനത്തിന്റെ അജണ്ടയില്‍ തല്‍ക്കാലം ഉള്‍പ്പെടുത്തിയിട്ടില്ല.
Comments ()