വാഹന മോഡിഫിക്കേഷൻ: 17,000 പേരുടെ അഭിപ്രായം തേടി എംവിഡി; റിപ്പോർട്ട് സെപ്റ്റംബറിൽ
ജൂലൈ 28 മുതൽ ഓഗസ്റ്റ് ഏഴ് വരെ നടത്തിയ ഓൺലൈൻ സർവേയിലൂടെ ഏകദേശം 17,000 പേരാണ് വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദേശങ്ങളും നൽകിയത്
തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനങ്ങളുടെ മോഡിഫിക്കേഷൻ സംബന്ധിച്ച നയത്തിൽ വ്യക്തത വരുത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്. പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച നിർദേശങ്ങൾ പരിശോധിച്ച ശേഷം സെപ്റ്റംബറിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനാണ് എംവിഡിയുടെ തീരുമാനം.
ജൂലൈ 28 മുതൽ ഓഗസ്റ്റ് ഏഴ് വരെ നടത്തിയ ഓൺലൈൻ സർവേയിലൂടെ ഏകദേശം 17,000 പേരാണ് വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദേശങ്ങളും നൽകിയത്. ലഭിച്ച പ്രതികരണങ്ങളുടെ വിശദമായ പരിശോധന രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും.
ജൂണിൽ എംവിഡി പുറത്തിറക്കിയ പട്ടികയാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. അനുമതിയില്ലാതെ വാഹനങ്ങളിൽ വരുത്താവുന്ന 18 മാറ്റങ്ങളും മുൻകൂർ അനുമതിയോടെ ചെയ്യാവുന്ന ആറ് മോഡിഫിക്കേഷനുകളുമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇതിൽ പലതും നേരത്തെ നിലവിലുണ്ടായിരുന്ന വ്യവസ്ഥകൾ മാത്രമാണെന്ന വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് കൂടുതൽ വിപുലമായ പൊതുജനാഭിപ്രായം തേടാൻ വകുപ്പ് തീരുമാനിച്ചത്.
അതേസമയം, വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്കില്ലെന്ന കേന്ദ്ര നിലപാട് വിഷയത്തിൽ നിർണായകമാണ്. കേന്ദ്രം നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിച്ചുള്ള മാറ്റങ്ങൾ മാത്രമേ അംഗീകരിക്കാനാകൂ.
വാഹനത്തിൽ രൂപമാറ്റം വരുത്തുന്നതിന് മുമ്പ് ഫോം 22 സി ഉപയോഗിച്ച് രജിസ്ട്രിംഗ് അതോറിറ്റിയുടെ മുൻകൂർ അനുമതി നേടണമെന്നാണ് കേന്ദ്ര വ്യവസ്ഥ. അംഗീകൃത വർക്ക്‌ഷോപ്പുകളിലോ സർവീസ് സ്റ്റേഷനുകളിലോ മാത്രമേ അനുവദനീയമായ മാറ്റങ്ങൾ നടത്താവൂ. മോഡിഫിക്കേഷൻ പൂർത്തിയാക്കിയ ശേഷം 14 ദിവസത്തിനകം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ മാറ്റം രേഖപ്പെടുത്തുകയും വേണം.
അപകടസാധ്യതയില്ലാത്ത വാഹന മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ മുൻ പ്രഖ്യാപനവും വാഹനപ്രേമികൾക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ മോഡിഫിക്കേഷൻ സംബന്ധിച്ച സർക്കാർ നിലപാടിനായി കാത്തിരിക്കുകയാണ് വാഹന ഉടമകളും യുവാക്കളും. സെപ്റ്റംബറിൽ സമർപ്പിക്കുന്ന എംവിഡി റിപ്പോർട്ടിന് ശേഷമാകും വിഷയത്തിൽ സംസ്ഥാനത്തിന്റെ തുടർനടപടികൾ വ്യക്തമാകുക.
Comments ()