വള്ളംകളി ഉദ്ഘാടനത്തിന് ഉപരാഷ്ട്രപതി കേരളത്തിൽ എത്തും; രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം
കൊച്ചിയിൽ വിമാനമിറങ്ങുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്ററിൽ ആലപ്പുഴയിലെത്തും. അവിടത്തെ പരിപാടികൾക്ക് ശേഷം പ്രമാടത്ത് എത്തി റോഡ് മാർഗം ആറന്മുളയിലേക്ക് യാത്രതിരിക്കും. വള്ളംകളിയുടെ ഉദ്ഘാടനത്തിന് ശേഷം പ്രമാടത്ത് നിന്ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് പോകും.
കൊച്ചി: ആറന്മുള ഉത്തൃട്ടാതി വള്ളംകളിയുടെ ഉദ്ഘാടനത്തിനായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ നാളെ കേരളത്തിലെത്തും. ഉച്ചയ്ക്ക് 1.30ന് നടക്കുന്ന ജലഘോഷയാത്രയുടെ ഉദ്ഘാടനമാണ് അദ്ദേഹം നിർവഹിക്കുക. ചടങ്ങുകൾ പൂർത്തിയാക്കി ഉച്ചയ്ക്ക് 2.30ഓടെ മടങ്ങും.
കൊച്ചിയിൽ വിമാനമിറങ്ങുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്ററിൽ ആലപ്പുഴയിലെത്തും. അവിടത്തെ പരിപാടികൾക്ക് ശേഷം പ്രമാടത്ത് എത്തി റോഡ് മാർഗം ആറന്മുളയിലേക്ക് യാത്രതിരിക്കും. വള്ളംകളിയുടെ ഉദ്ഘാടനത്തിന് ശേഷം പ്രമാടത്ത് നിന്ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് പോകും.
ഇതിനിടെ ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എറണാകുളം നഗരത്തിലും സമീപപ്രദേശങ്ങളിലും രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നാളെയും മറ്റന്നാളും ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 5.30 വരെയാണ് നിയന്ത്രണം.
ദേശീയപാത 544ൽ കളമശേരി എസ്‌സിഎംഎസ് ജങ്ഷൻ മുതൽ മെഡിക്കൽ കോളജ് റോഡിലെ എച്ച്എംടി ജങ്ഷൻ, തോഷിബ ജങ്ഷൻ, സീപോർട്ട്-എയർപോർട്ട് റോഡിലെ ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ് എന്നിവ ഉൾപ്പെടുന്ന മേഖലകളിലാണ് നിയന്ത്രണങ്ങൾ ഉണ്ടാകുക.
ആലുവ ഭാഗത്തുനിന്ന് ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ പറവൂർ കവലയിൽ നിന്ന് തിരിഞ്ഞ് യുസി കോളജ് ജങ്ഷൻ വഴി കടുങ്ങല്ലൂർ-മുപ്പത്തടം റോഡിലൂടെ കണ്ടെയ്‌നർ റോഡിലെത്തണം. തുടർന്ന് ചേരാനെല്ലൂർ ജങ്ഷനിൽ നിന്ന് ദേശീയപാത 66 വഴി ഇടപ്പള്ളി ഭാഗത്തേക്ക് യാത്ര തുടരാം.
പെരുമ്പാവൂർ, കിഴക്കമ്പലം, പൂക്കാട്ടുപടി ഭാഗങ്ങളിൽ നിന്ന് തൃപ്പൂണിത്തുറ, എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പള്ളിക്കര, കരിമുകൾ, അമ്പലമുകൾ റോഡ് വഴി ഇരുമ്പനം ജങ്ഷനിലെത്തണമെന്നാണ് നിർദേശം.
കളമശേരി എസ്‌സിഎംഎസ് ജങ്ഷൻ മുതൽ ടിവിഎസ് ജങ്ഷൻ വരെയും എച്ച്എംടി, മെഡിക്കൽ കോളജ് റോഡുകളിലും സീപോർട്ട്-എയർപോർട്ട് റോഡിലെ തോഷിബ ജങ്ഷൻ മുതൽ ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ്, ചിത്രപ്പുഴ പാലം വരെയുള്ള ഭാഗങ്ങളിലും റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും വഴിയോരക്കച്ചവടത്തിനും വിലക്കുണ്ട്.
അതേസമയം, കൊച്ചിയിൽ രാജഗിരി സ്‌കൂൾ ഓഫ് എൻജിനീയറിങ്ങിന്റെ രജതജൂബിലി ആഘോഷവും ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. 31ന് വൈകിട്ട് നാലിനാണ് ചടങ്ങ്.
Comments ()