30 കോടിയുടെ സ്വത്ത് മറച്ചുവെച്ചെന്ന ആരോപണം; തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത ഹർജി; വിധി ഇന്ന്

30 കോടിയുടെ സ്വത്ത് മറച്ചുവെച്ചെന്ന ആരോപണം; തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത ഹർജി;  വിധി ഇന്ന്

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും പെരമ്പൂർ നിയമസഭാ മണ്ഡലത്തിലെ എംഎൽഎയുമായ സി. ജോസഫ് വിജയ്‌യുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജിയിൽ മദ്രാസ് ഹൈക്കോടതി വിധി പ്രസ്താവിക്കും. ജസ്റ്റിസ് വി. ലക്ഷ്മിനാരായണൻ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

വിജയ് സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഏകദേശം 30 കോടി രൂപ വിലമതിക്കുന്ന ഒരു സ്വത്തിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് പെരമ്പൂർ സ്വദേശിയായ എസ്. ദിനേശിന്റെ ആരോപണം. സ്വത്ത് വിവരങ്ങളിലെ ഈ വീഴ്ച ചൂണ്ടിക്കാട്ടി വിജയ്‌യുടെ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. വിജയ് സത്യവാങ്മൂലത്തിൽ ഏകദേശം 600 കോടി രൂപയുടെ ആസ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

വാദത്തിനിടെ ഹർജിയിലെ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുന്ന തരത്തിലുള്ളതാണോയെന്നതിലാണ് കോടതിയുടെ പ്രധാന ചോദ്യങ്ങൾ ഉയർന്നത്. 600 കോടി രൂപയോളം വരുന്ന ആസ്തി വെളിപ്പെടുത്തിയ സാഹചര്യത്തിൽ 30 കോടി രൂപയുടെ സ്വത്ത് കൂടി വെളിപ്പെടുത്താതിരുന്നത് ഒരു വോട്ടറുടെ തീരുമാനത്തെ യഥാർഥത്തിൽ സ്വാധീനിക്കുമോയെന്നും കോടതി ചോദിച്ചു. സത്യവാങ്മൂലം തയ്യാറാക്കുന്നതിൽ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ പങ്കുണ്ടാകാമെന്നും, അത്തരമൊരു പിഴവിന്റെ പേരിൽ മാത്രം തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കാനാകുമോയെന്നും ജസ്റ്റിസ് വി. ലക്ഷ്മിനാരായണൻ നിരീക്ഷിച്ചു.

അതേസമയം, തിരഞ്ഞെടുപ്പ് ഹർജി നിലനിൽക്കാനുള്ള ആവശ്യമായ വിവരങ്ങളും നിയമപരമായ മാനദണ്ഡങ്ങളും പാലിച്ചിട്ടില്ലെന്നാണ് വിജയ്‌ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണന്റെ വാദം. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 81 പ്രകാരമുള്ള വ്യവസ്ഥകൾ ഹർജിയിൽ പാലിച്ചിട്ടില്ലെന്നും, അതിനാൽ കേസ് പ്രാഥമിക ഘട്ടത്തിൽ തന്നെ തള്ളണമെന്നുമാണ് വിജയ്‌യുടെ ഭാഗം ആവശ്യപ്പെട്ടത്. ഹർജിയിലെ ആരോപണങ്ങൾ പരിശോധിച്ച് കോടതി വിധി പ്രസ്താവിക്കാനിരിക്കുകയാണ്.