ആരാകും പുതിയ കെപിസിസി അധ്യക്ഷൻ? ഹൈക്കമാൻഡിന്റെ പരിഗണനയിൽ മൂന്ന് പേർ
നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിസഭയിൽ അംഗമായ സാഹചര്യത്തിൽ പദവി ഒഴിയാൻ സന്നദ്ധത അറിയിച്ചതോടെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ ആരംഭിച്ചത്
തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ പരിഗണനയിൽ നിലവിൽ മൂന്ന് പേരുകൾ. ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ എന്നിവരാണ് അന്തിമ സാധ്യതാ പട്ടികയിലുള്ളതെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിസഭയിൽ അംഗമായ സാഹചര്യത്തിൽ പദവി ഒഴിയാൻ സന്നദ്ധത അറിയിച്ചതോടെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ ആരംഭിച്ചത്. സംഘടനാ തലത്തിൽ അഴിച്ചുപണി നടത്തുന്നതിനൊപ്പം സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും പുതിയ നിയമനത്തിന് പിന്നിലുണ്ട്.
മുൻ യുഡിഎഫ് കൺവീനറായിരുന്ന ബെന്നി ബെഹനാന്റെ സംഘടനാ പരിചയം അദ്ദേഹത്തിന് മുൻതൂക്കം നൽകുന്ന ഘടകമാണ്. മുന്നണി ഏകോപനത്തിൽ നേടിയ പരിചയവും വിവിധ വിഭാഗങ്ങളിലുള്ള നേതാക്കളുമായുള്ള ബന്ധവും അദ്ദേഹത്തിന്റെ സാധ്യത വർധിപ്പിക്കുന്നതായി നേതാക്കൾ വിലയിരുത്തുന്നു. പുതിയ മന്ത്രിസഭയിലെ ഭൂരിഭാഗം അംഗങ്ങളും ആദ്യമായി മന്ത്രിമാരായതിനാൽ പരിചയസമ്പന്നനായ ഒരാൾ പാർട്ടിയെ നയിക്കുന്നത് ഗുണകരമാകുമെന്നും ഒരു വിഭാഗം നേതാക്കൾ കരുതുന്നു.
അതേസമയം, സംസ്ഥാന കോൺഗ്രസ് വർക്കിങ് പ്രസിഡന്റും എംപിയുമായ ഷാഫി പറമ്പിലും ശക്തമായ മത്സരത്തിലാണ്. പാർട്ടിക്കകത്തും പൊതുസമൂഹത്തിലും ലഭിച്ചിട്ടുള്ള ജനപ്രീതി അദ്ദേഹത്തിന്റെ പ്രധാന നേട്ടമാണ്. സംസ്ഥാന വൈസ് പ്രസിഡന്റും എംഎൽഎയുമായ മാത്യു കുഴൽനാടന്റെ സാധ്യതയ്ക്ക് രാഹുൽ ഗാന്ധിയുമായുള്ള അടുപ്പവും അനുകൂല ഘടകമായി കണക്കാക്കപ്പെടുന്നു. എന്നാൽ ഇരുവരുടെയും താരതമ്യേന കുറഞ്ഞ പ്രായം നേതൃത്വ തീരുമാനത്തിൽ എങ്ങനെ പ്രതിഫലിക്കുമെന്നതും നിർണായകമാണ്.
ഷാഫി പറമ്പിലും മാത്യു കുഴൽനാടനും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലുമായി അടുത്ത ബന്ധമുള്ളവരാണെങ്കിലും അധ്യക്ഷനെ സംബന്ധിച്ച വിഷയത്തിൽ അദ്ദേഹം നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ടിരിക്കുകയാണ്.
നേരത്തെ പരിഗണനയിലുണ്ടായിരുന്ന മുതിർന്ന നേതാക്കളായ കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ആന്റോ ആന്റണി എന്നിവർ നിലവിലെ സാധ്യതാ പട്ടികയിൽ നിന്ന് പുറത്തായതായാണ് വിവരം. കൊടിക്കുന്നിൽ സുരേഷിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും പിന്തുണയുണ്ടായിരുന്നുവെന്നാണ് സൂചന. ആന്റോ ആന്റണിക്ക് പ്രിയങ്ക ഗാന്ധിയുടെ പിന്തുണയും അടൂർ പ്രകാശിന് ശിവഗിരി മഠത്തിന്റെ പിന്തുണയും ഉണ്ടായിരുന്നെങ്കിലും ഇരുവരും അവസാന പട്ടികയിലെത്തിയില്ല.
അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാക്കൾ ഡൽഹിയിലെത്തി മല്ലികാർജുൻ ഖാർഗെയെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും സന്ദർശിക്കുന്നുണ്ട്. വി ഡി സതീശന്റെ അഭിപ്രായവും അന്തിമ തീരുമാനത്തിൽ പ്രധാനമാകും. ഖാർഗെയും രാഹുൽ ഗാന്ധിയും സതീശനുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
അതേസമയം, കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ സംസ്ഥാനത്തെ വിവിധ മതസംഘടനകളുടെയും അഭിപ്രായം ഹൈക്കമാൻഡ് പരിഗണിക്കുന്നുണ്ട്. മുൻ അധ്യക്ഷൻ സണ്ണി ജോസഫിന്റെ നിയമനത്തിലും കത്തോലിക്കാ സഭയുടെ നിലപാട് സ്വാധീനം ചെലുത്തിയിരുന്നുവെന്നാണ് കോൺഗ്രസ് വൃത്തങ്ങളിലെ വിലയിരുത്തൽ.
Comments ()