ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജ വിസ തട്ടിപ്പ്: പ്രതിയെ പിടിച്ച് മാനന്തവാടി പിടികൂടിപോലീസ്

ആറാട്ടുതറ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്.

ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജ വിസ തട്ടിപ്പ്: പ്രതിയെ പിടിച്ച് മാനന്തവാടി പിടികൂടിപോലീസ്

മാനന്തവാടി: ഒമാനിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് വടകര പറയുള്ളതിൽ വീട്ടിൽ ലതാ സുനിൽ (59) മാനന്തവാടി പോലീസിന്റെ പിടിയിലായി. ആറാട്ടുതറ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്.

ഒമാനിലെ അൽ ഐനിൽ പുതുതായി ആരംഭിക്കുന്ന സ്ഥാപനത്തിൽ മാസം 70,000 രൂപ ശമ്പളത്തിൽ സെയിൽസ്മാൻ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പരാതിക്കാരന്റെ പരിചയക്കാരായ 21 പേർ ഉൾപ്പെടെ അമ്പത്തൊന്നോളം പേരിൽ നിന്ന് വിസാച്ചെലവെന്ന പേരിൽ 65,000 രൂപ മുതൽ 75,000 രൂപ വരെ ബാങ്ക് അക്കൗണ്ടുകൾ വഴി ഇവർ കൈക്കലാക്കി.

2025 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാസങ്ങൾ കഴിഞ്ഞിട്ടും വിസയോ നൽകിയ പണമോ തിരികെ ലഭിക്കാതിരുന്നതോടെയാണ് വഞ്ചിക്കപ്പെട്ടവർ പോലീസിനെ സമീപിച്ചത്. അന്വേഷണത്തിൽ, പ്രതി നൽകിയ വിലാസത്തിൽ കഴിഞ്ഞ 10 വർഷമായി ഇവർ താമസിക്കുന്നില്ലെന്നും വിദേശത്തേക്ക് കടന്നതായും പോലീസ് കണ്ടെത്തി. തുടർന്ന് ലതാ സുനിലിനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. വെള്ളിയാഴ്ച മസ്‌കറ്റിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. വഞ്ചിക്കപ്പെട്ട വിവരമറിയാതെ പലരും ഇപ്പോഴും വിസയ്ക്കായി കാത്തിരിക്കുന്നുണ്ട്. മാനന്തവാടി എസ്.ഐമാരായ കെ. സിൻഷ, പി.ജെ. റെജി, എ.എസ്.ഐ സി.വി. ഗീത, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റയീസ്, ടൈറ്റസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.