ഇലക്ട്രിക് ഓട്ടോ വാങ്ങാൻ വനിതകൾക്ക് ഒരു ലക്ഷം രൂപ ധനസഹായം; ആർക്കൊക്കെ അപേക്ഷിക്കാം?
ധനലക്ഷ്മി ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. താൽപര്യമുള്ള അർഹരായ വനിതകൾക്ക് ഡിസംബർ 15 വരെ ബാങ്കിന്റെ ശാഖകളിൽ അപേക്ഷ നൽകാം
തിരുവനന്തപുരം: ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങാൻ മുന്നാക്ക സമുദായങ്ങളിൽപ്പെട്ട വനിതകൾക്ക് സാമ്പത്തിക സഹായം നൽകുന്ന പുതിയ പദ്ധതിയുമായി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (KSWCFC). ‘സമുന്നതി ഇ-യാത്ര (2026-27)’ എന്ന പേരിലുള്ള പദ്ധതിയിൽ പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്സിഡിയാണ് അനുവദിക്കുക. ധനലക്ഷ്മി ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. താൽപര്യമുള്ള അർഹരായ വനിതകൾക്ക് ഡിസംബർ 15 വരെ ബാങ്കിന്റെ ശാഖകളിൽ അപേക്ഷ നൽകാം.
ഇ-ഓട്ടോ വാങ്ങുന്നതിനായി ബാങ്കിൽ നിന്ന് ലഭിക്കുന്ന വായ്പയുടെ 40 ശതമാനം വരെയാണ് സബ്സിഡിയായി അനുവദിക്കുക. എന്നാൽ സബ്സിഡി തുക ഒരു ലക്ഷം രൂപയിൽ കൂടില്ല. അനുവദിക്കുന്ന തുക ഒറ്റത്തവണയായി ലഭിക്കും. വാഹനത്തിന്റെ ബാക്കി വിലയ്ക്കുള്ള തുക ധനലക്ഷ്മി ബാങ്ക് വ്യക്തിഗത വായ്പയായി നൽകും. വായ്പയുടെ പലിശ, തിരിച്ചടവ് കാലാവധി, ജാമ്യം തുടങ്ങിയ കാര്യങ്ങളിൽ ബാങ്കിന്റെ വ്യവസ്ഥകളായിരിക്കും ബാധകം.
സംവരണേതര മുന്നാക്ക വിഭാഗത്തിൽപ്പെട്ട വനിതകൾക്കാണ് പദ്ധതിയിൽ അപേക്ഷിക്കാനാകുക. 2026 ജനുവരി ഒന്നിന് 50 വയസ്സ് പൂർത്തിയായിട്ടില്ലാത്തവരായിരിക്കണം അപേക്ഷകർ. കുടുംബത്തിന്റെ വാർഷിക വരുമാനം നാല് ലക്ഷം രൂപയിൽ കവിയാനും പാടില്ല. അപേക്ഷകയ്ക്ക് സാധുതയുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ഡ്രൈവിങ് ലൈസൻസും നിർബന്ധമാണ്.
അപേക്ഷയ്ക്കായി വ്യക്തിഗത വരുമാന സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല. പകരം റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗത്തിന്റെ പേരിലുള്ള കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റാണ് സമർപ്പിക്കേണ്ടത്. ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ട ഒരാൾക്ക് മാത്രമേ പദ്ധതിയുടെ ആനുകൂല്യത്തിനായി അപേക്ഷിക്കാൻ കഴിയൂ.
കുടുംബ വാർഷിക വരുമാനം കുറഞ്ഞ അപേക്ഷകർക്ക് തിരഞ്ഞെടുപ്പിൽ മുൻഗണന ലഭിക്കും. ഒരേ വരുമാനമുള്ളവരിൽ വിധവകൾ, കുടുംബത്തിൽ മാരക രോഗമുള്ളവർ, പ്രായം കൂടിയവർ എന്നിവർക്ക് മുൻഗണന നൽകും.
പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന ഇ-ഓട്ടോ വാണിജ്യാടിസ്ഥാനത്തിലുള്ള യാത്രാ വാഹനമായി മാത്രമേ ഉപയോഗിക്കാവൂ. ആനുകൂല്യം ലഭിച്ച വ്യക്തി തന്നെയായിരിക്കണം വാഹനം ഓടിക്കേണ്ടത്. മറ്റൊരാൾക്ക് വാഹനം കൈമാറുന്നതിനും വിലക്കുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ EV Policy പ്രകാരമുള്ള ഇൻസെന്റീവോ മറ്റ് സർക്കാർ സബ്സിഡികളോ ഈ വാഹനത്തിന് ലഭ്യമാക്കാൻ കഴിയില്ല.
പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെടുന്നവർ സമുന്നതിയുമായി മൂന്ന് വർഷത്തെ കരാറിൽ ഒപ്പിടണം. കരാറിലെ വ്യവസ്ഥകൾ ലംഘിച്ചാൽ ലഭിച്ച സബ്സിഡി തുക 12 ശതമാനം കൂട്ടുപലിശ സഹിതം തിരിച്ചടയ്ക്കേണ്ടി വരും.
പൂരിപ്പിച്ച അപേക്ഷയും ആവശ്യമായ രേഖകളും ധനലക്ഷ്മി ബാങ്കിന്റെ ലോൺ അപേക്ഷയ്ക്കൊപ്പം നേരിട്ട് ശാഖയിൽ സമർപ്പിക്കണം. അപേക്ഷ നൽകുന്ന കവറിന് പുറത്ത് ‘സമുന്നതി ഇ-യാത്ര (2026-27) പദ്ധതിയിലേക്കുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം.
അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ട രേഖകൾ:
- വില്ലേജ് ഓഫീസർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജാതി രേഖപ്പെടുത്തിയ SSLC സർട്ടിഫിക്കറ്റ് പേജ്
- കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്
- ഏറ്റവും പുതിയ റേഷൻ കാർഡിന്റെ പകർപ്പ്
- SSLC ബുക്ക് അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ്
- സാധുതയുള്ള LMV ഡ്രൈവിങ് ലൈസൻസിന്റെ പകർപ്പ്
- ആധാർ കാർഡിന്റെ പകർപ്പ്
- EV Policy പ്രകാരമുള്ള ഇൻസെന്റീവ് ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം
- പേരുകളിൽ വ്യത്യാസമുണ്ടെങ്കിൽ ‘One and the Same’ സർട്ടിഫിക്കറ്റ്
- വിധവയാണെന്നോ കുടുംബത്തിൽ മാരക രോഗബാധിതനുണ്ടെന്നോ തെളിയിക്കുന്ന രേഖകൾ
Comments ()