ആകാശത്ത് ‘മാലാഖ’യായി മലയാളി നഴ്സ്; വിമാനത്തിൽ അസ്വസ്ഥത അനുഭവപ്പെട്ട യാത്രക്കാരിക്ക് രക്ഷ
കൊല്ലം പരവൂർ സ്വദേശിനി പൂജ രാജകുമാരനാണ് വിമാനത്തിനുള്ളിൽ ബോധരഹിതയാകാൻ തുടങ്ങിയ സഹയാത്രികയ്ക്ക് അടിയന്തര പരിചരണം നൽകി മാതൃകയായത്.
ദുബായ്: ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അസ്വസ്ഥത അനുഭവപ്പെട്ട സഹയാത്രികയ്ക്ക് അടിയന്തര പരിചരണം നൽകി മലയാളി നഴ്സ് മാതൃകയായി. കൊല്ലം പരവൂർ സ്വദേശിനിയും റാസൽഖൈമ ആശുപത്രിയിലെ നഴ്സുമായ പൂജ രാജകുമാരനാണ് സമയോചിതമായ ഇടപെടലിലൂടെ സഹയാത്രികയ്ക്ക് രക്ഷയായത്.
ജൂലൈ ഒന്നിന് വൈകിട്ട് 7.50-ന് ദുബായിൽ നിന്ന് പുറപ്പെട്ട ഐഎക്സ് 530 വിമാനത്തിലാണ് സംഭവം. വിമാനം പറന്നുയർന്ന് അല്പസമയത്തിനകം മെഡിക്കൽ സഹായം തേടിക്കൊണ്ടുള്ള കാബിൻ ക്രൂവിന്റെ അടിയന്തര അറിയിപ്പ് മുഴങ്ങി. അവധി ആഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങുകയായിരുന്ന പൂജ, സന്ദേശം കേട്ടയുടൻ കാബിൻ ക്രൂവിന് അരികിലെത്തി സഹായസന്നദ്ധത അറിയിക്കുകയായിരുന്നു.
ദുബായിലെ ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഒരു യാത്രക്കാരിക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. വല്ലാതെ തളർന്ന് ഏതാണ്ട് അബോധാവസ്ഥയിലായിരുന്ന യാത്രക്കാരിക്ക് പൂജ ഉടൻ പ്രഥമശുശ്രൂഷ നൽകി. അവരെ തട്ടിവിളിച്ച് ഉണർത്തി വെള്ളം നൽകിയതോടെ നില മെച്ചപ്പെട്ടു. തുടർന്ന് ഭയം കാരണം തണുത്തുവിറച്ച യാത്രക്കാരിയുടെ കൈകൾ കാബിൻ ക്രൂവിന്റെ സഹായത്തോടെ തിരുമ്മി ചൂടാക്കുകയും മാനസികമായി ധൈര്യം പകരുകയും ചെയ്ത ശേഷമാണ് പൂജ സീറ്റിലേക്ക് മടങ്ങിയത്. പൂജയുടെ അവസരോചിതമായ ഇടപെടലിനെ സഹയാത്രികരും വിമാന ജീവനക്കാരും അഭിനന്ദിച്ചു.
Comments ()