പാൽ കുടിക്കുന്നതിനിടെ ശ്വാസതടസ്സം; രണ്ടു വയസ്സുകാരൻ മരിച്ചു
രാത്രി പാൽ കുടിക്കുന്നതിനിടെ അസ്വസ്ഥതയും ശ്വാസതടസ്സവും അനുഭവപ്പെട്ട രണ്ടുവയസ്സുകാരൻ മരിച്ചു.
മുതലമട (പാലക്കാട്) : രാത്രി പാൽ കുടിക്കുന്നതിനിടെ ശ്വാസതടസ്സവും അസ്വസ്ഥതയും അനുഭവപ്പെട്ട രണ്ടുവയസ്സുകാരൻ മരിച്ചു. പറമ്പിക്കുളം തേക്കടി മുപ്പതേക്കർ ഉന്നതിയിലെ മലമലസർ ഗോത്രവിഭാഗത്തിൽപെട്ട നന്ദകുമാറിന്റെയും ഉമാക്കുട്ടിയുടെയും മകൻ മണികണ്ഠനാണ് മരിച്ചത്.
ശ്വാസതടസ്സമുണ്ടായ ഉടൻ കുട്ടിയെ തമിഴ്നാട് വേട്ടയ്ക്കാരൻപുതൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം ഉന്നതിയിലേക്ക് തിരികെ കൊണ്ടുപോയെങ്കിലും, പൊലീസിന്റെ നിർദേശപ്രകാരം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റാൻ തീരുമാനിച്ചു.
എന്നാൽ മുപ്പതേക്കർ ഉന്നതിയിലേക്ക് ആംബുലൻസ് എത്താൻ പ്രായോഗിക ബുദ്ധിമുട്ടുകൾ അറിയിച്ചതോടെ മൃതദേഹം പൊലീസ് ജീപ്പിൽ തമിഴ്നാട് സേത്ത്മടയിലെത്തിക്കുകയും, അവിടെനിന്നു പറമ്പിക്കുളത്തെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകുകയുമായിരുന്നു. സംഭവത്തിൽ പറമ്പിക്കുളം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Comments ()