ഷാർജയിലെ വീട്ടിൽ കുഴഞ്ഞുവീണു, മലയാളി ദന്തഡോക്ടർ മരിച്ചു
രണ്ട് ചെറിയ കുട്ടികളുടെ അമ്മയായ അഫീന മക്കളുടെ പരിചരണത്തിനായി ജോലിയിൽനിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയായിരുന്നു
ഷാർജ: മകന്റെ കരച്ചിൽ കേട്ടുണർന്ന ഭർതൃസഹോദരി കണ്ടത് അടുക്കളയിൽ കുഴഞ്ഞുവീണുകിടക്കുന്ന 32കാരിയെ. ആശുപത്രിയിലെത്തിച്ചെങ്കിലും മലയാളി ദന്തഡോക്ടറുടെ ജീവൻ രക്ഷിക്കാനായില്ല. തൃശൂർ സ്വദേശിനി ഡോ. അഫീന റഹീമാണ് ഷാർജ അൽ ഖാസിമിയയിലെ താമസസ്ഥലത്ത് തിങ്കളാഴ്ച രാവിലെ മരിച്ചത്.
അഫീനയുടെ ഭർത്താവ് യാസർ അധ്യാപകനാണ്. രാവിലെ അദ്ദേഹം സ്കൂളിലേക്ക് പോയതിന് പിന്നാലെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന ഭർതൃസഹോദരി റംഷീന, ഇളയ കുട്ടിയുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് എഴുന്നേറ്റ് നോക്കിയപ്പോഴാണ് അഫീനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സിപിആർ നൽകുകയും ആംബുലൻസ് വരുത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ മരണം സംഭവിക്കുകയായിരുന്നു.
രണ്ട് ചെറിയ കുട്ടികളുടെ അമ്മയായ അഫീന മക്കളുടെ പരിചരണത്തിനായി ജോലിയിൽനിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങളൊന്നും അഫീനയ്ക്ക് ഉണ്ടായിരുന്നില്ലെന്നാണ് ഭർത്താവ് യാസർ പറയുന്നത്. അതേസമയം മരണത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ലഭിച്ച ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Comments ()