മരണത്തിലും നന്മയുടെ കൈത്താങ്ങ്; യുവസൈനികന്റെ അവയവങ്ങൾ ഏഴ് പേർക്ക് ദാനം ചെയ്തു
ബുധനാഴ്ച ഈഞ്ചക്കല്ലിലെ എസ്.പി. മെഡി ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഹുൽ ചികിത്സയ്ക്കിടെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇന്നലെ മസ്തിഷ്കമരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അവയവദാന നടപടികൾ ആരംഭിച്ചത്
കൊല്ലം: മരണാനന്തര അവയവദാനത്തിലൂടെ ഏഴ് പേർക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള അവസരം ഒരുക്കി യുവസൈനികൻ രാഹുൽ രാജീവ്. കൊല്ലം കല്ലുവാതുക്കൽ സ്വദേശിയായ 30കാരന്റെ അവയവങ്ങളാണ് കുടുംബം ദാനം ചെയ്തത്. ഹിമാചൽപ്രദേശിൽ സൈനിക ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിരുന്ന രാഹുൽ അടുത്തിടെയാണ് നാട്ടിലെത്തിയത്.
ബുധനാഴ്ച ഈഞ്ചക്കല്ലിലെ എസ്.പി. മെഡി ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഹുൽ ചികിത്സയ്ക്കിടെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇന്നലെ മസ്തിഷ്കമരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അവയവദാന നടപടികൾ ആരംഭിച്ചത്. നേരത്തെ തന്നെ മരണാനന്തര അവയവദാനത്തിന് രജിസ്റ്റർ ചെയ്തിരുന്ന രാഹുലിന്റെ ആഗ്രഹം മാനിച്ച്, കടുത്ത വേദനയ്ക്കിടയിലും കുടുംബം അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
വൃക്കകൾ, കരൾ, ഹൃദയ വാൽവുകൾ, ചർമം, കോർണിയ എന്നിവയാണ് ദാനം ചെയ്തത്. വൃക്കകളിലൊന്ന് പുഷ്പഗിരി മെഡിക്കൽ കോളേജിലും മറ്റൊന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സയിലുള്ള രോഗികൾക്ക് മാറ്റിവയ്ക്കും. കരൾ കിംസ് ആശുപത്രിയിലെ രോഗിക്ക് നൽകും. ഹൃദയ വാൽവുകൾ ശ്രീചിത്ര ആശുപത്രിയിലേക്കാണ് എത്തിക്കുക.
ചർമം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്ക് നൽകും. കോർണിയ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്ക് കൈമാറും. രാഹുലിന്റെ മരണത്തിലും മറ്റുള്ളവർക്ക് ജീവിതം നൽകാനുള്ള തീരുമാനമാണ് കുടുംബത്തിന്റെ ഈ നടപടി.
Comments ()