യാത്രാസമയം കുറയും, ഗതാഗതം വേഗത്തിലാകും; ദുബൈയിൽ 1.65 കിലോമീറ്റർ ടണൽ തുറന്നു
മണിക്കൂറിൽ 12,000 വാഹനങ്ങൾക്ക് കടന്നുപോകാൻ ശേഷിയുള്ള പാതയിൽ ഇരുദിശകളിലേക്കും മൂന്ന് വരികൾ വീതമാണുള്ളത്
ദുബൈ: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും പ്രധാന മേഖലകൾ തമ്മിലുള്ള യാത്ര സുഗമമാക്കുന്നതിനുമായി ദുബൈയിൽ പുതിയ ടണൽ പ്രവർത്തനസജ്ജമായി. അൽ ഖലീജ് സ്ട്രീറ്റിൽ നിർമിച്ച 1,650 മീറ്റർ നീളമുള്ള ടണലാണ് വാഹനങ്ങൾക്കായി തുറന്നുകൊടുത്തത്. മണിക്കൂറിൽ 12,000 വാഹനങ്ങൾക്ക് കടന്നുപോകാൻ ശേഷിയുള്ള പാതയിൽ ഇരുദിശകളിലേക്കും മൂന്ന് വരികൾ വീതമാണുള്ളത്.
പുതിയ ടണൽ ഗതാഗതത്തിനായി തുറന്നതോടെ ദേര, അൽ മംസാർ, അബുഹെയിൽ, അൽ വുഹൈദ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്ര കൂടുതൽ വേഗത്തിലാകും. ദുബൈ ഐലൻഡ്സ്, വാട്ടർഫ്രണ്ട് മാർക്കറ്റ്, അൽ ഹംരിയ പോർട്ട് എന്നിവിടങ്ങളിലേക്കും കൂടുതൽ എളുപ്പത്തിൽ എത്തിച്ചേരാനാകും. ഇൻഫിനിറ്റി ബ്രിഡ്ജിനെ അൽ ഖലീജ് സ്ട്രീറ്റുമായും അൽ വുഹൈദ സ്ട്രീറ്റ് ജംഗ്ഷനുമായും ബന്ധിപ്പിക്കുന്നതാണ് പുതിയ റോഡ് സംവിധാനം.
ദുബൈയുടെ ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനായി നടപ്പാക്കുന്ന അൽ ഷിന്ദഗ കോറിഡോർ വികസന പദ്ധതിയുടെ ഭാഗമായാണ് ടണൽ നിർമാണം പൂർത്തിയാക്കിയത്. നഗരത്തിലെ താമസമേഖലകൾ, വ്യാപാര കേന്ദ്രങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്കിടയിലുള്ള യാത്രാ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ദുബൈയുടെ വികസനത്തിനൊപ്പം വർധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്നതിനും വിവിധ മേഖലകൾ തമ്മിലുള്ള കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനും പുതിയ പദ്ധതി സഹായകമാകുമെന്ന് ആർടിഎ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ മത്താർ അൽ തായർ പറഞ്ഞു.
Comments ()