സൗദിയിൽ 67 റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കെതിരെ നടപടി; 66 ഓഫീസുകൾ അടച്ചുപൂട്ടി
റിക്രൂട്ട്മെന്റ് സേവനങ്ങൾ കൃത്യമായി നൽകാതിരിക്കുക, ഉപഭോക്താക്കൾക്ക് മടക്കിനൽകേണ്ട പണം വൈകിപ്പിക്കുക, ലഭിക്കുന്ന പരാതികൾ നിശ്ചിത സമയത്തിനുള്ളിൽ പരിഹരിക്കാതിരിക്കുക തുടങ്ങിയ വീഴ്ചകളാണ് പരിശോധനയിൽ കണ്ടെത്തിയത്
റിയാദ്: റിക്രൂട്ട്മെന്റ് മേഖലയിലെ ചട്ടലംഘനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് സൗദി അറേബ്യ. നിയമങ്ങളും സേവന വ്യവസ്ഥകളും പാലിക്കാത്ത 66 റിക്രൂട്ട്മെന്റ് ഓഫീസുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയും മറ്റൊരു സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തതായി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 2026-ലെ മൂന്നാം പാദത്തിൽ രാജ്യത്തെ റിക്രൂട്ട്മെന്റ് ഓഫീസുകളിലും കമ്പനികളിലും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് 67 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്.
റിക്രൂട്ട്മെന്റ് സേവനങ്ങൾ കൃത്യമായി നൽകാതിരിക്കുക, ഉപഭോക്താക്കൾക്ക് മടക്കിനൽകേണ്ട പണം വൈകിപ്പിക്കുക, ലഭിക്കുന്ന പരാതികൾ നിശ്ചിത സമയത്തിനുള്ളിൽ പരിഹരിക്കാതിരിക്കുക തുടങ്ങിയ വീഴ്ചകളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇത്തരം നിയമലംഘനങ്ങൾ തടയുന്നതിനും തൊഴിൽ സേവനങ്ങളുടെ നിലവാരം ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. മേഖലയിലെ സ്ഥാപനങ്ങൾക്കെതിരായ നിരീക്ഷണവും പരിശോധനയും തുടരുമെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
റിക്രൂട്ട്മെന്റ് ആവശ്യങ്ങൾക്കായി മന്ത്രാലയത്തിന്റെ ഔദ്യോഗിക ഡിജിറ്റൽ സംവിധാനമായ 'മുസാനിദ്' വഴി അംഗീകൃത ഓഫീസുകളെയും കമ്പനികളെയും മാത്രം സമീപിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. കരാറുകൾ സുരക്ഷിതമായി പൂർത്തിയാക്കാനും സ്ഥാപനങ്ങളുടെ സേവന നിലവാരം പരിശോധിക്കാനും അപേക്ഷകളുടെ പുരോഗതി അറിയാനും ഈ പ്ലാറ്റ്ഫോം സഹായിക്കും. സേവനങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകളോ നിയമലംഘനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ 920002866 എന്ന നമ്പറിലോ മുസാനിദ് മൊബൈൽ ആപ്പ് വഴിയോ പരാതി നൽകാമെന്നും മന്ത്രാലയം അറിയിച്ചു.
Comments ()