ഗുരുസ്മരണകളുമായി പൂർവവിദ്യാർഥികൾ; ദേശീയ അധ്യാപക പുരസ്കാര ജേതാവ് പി.കെ. ഭരതൻ മാസ്റ്റർക്ക് യുഎഇയിൽ സ്നേഹാദരം
നവംബർ എട്ടിന് അജ്മാനിലെ തുംബേ മെഡിസിറ്റിയിൽ സംഘടിപ്പിച്ച ‘സ്നേഹാദരം’ ചടങ്ങിലായിരുന്നു ആദരിക്കൽ
കരുവന്നൂർ: ദേശീയ അധ്യാപക പുരസ്കാര ജേതാവും എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി.കെ. ഭരതൻ മാസ്റ്ററെ കരുവന്നൂർ പ്രവാസികളുടെ കൂട്ടായ്മയായ ഏക യുഎഇ (Expatriates of Karuvannur) ആദരിച്ചു. നവംബർ എട്ടിന് അജ്മാനിലെ തുംബേ മെഡിസിറ്റിയിൽ സംഘടിപ്പിച്ച ‘സ്നേഹാദരം’ ചടങ്ങിലായിരുന്നു ആദരിക്കൽ. പൊന്നാട അണിയിച്ചും സ്നേഹോപഹാരം നൽകിയും ഭരതൻ മാസ്റ്ററെ ആദരിച്ചു.
മൂർക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ദീർഘകാലം മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ച ഭരതൻ മാസ്റ്ററുടെ നിരവധി പൂർവവിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു. അധ്യാപകനൊപ്പമുള്ള സ്കൂൾകാലത്തെ അനുഭവങ്ങളും ഓർമകളും അവർ ചടങ്ങിൽ പങ്കുവെച്ചു. അധ്യാപന കാലത്തെ അനുഭവങ്ങളും വിദ്യാർഥികളുമായുള്ള ആത്മബന്ധവും മറുപടി പ്രസംഗത്തിൽ ഭരതൻ മാസ്റ്റർ അനുസ്മരിച്ചു.
ഏക യുഎഇ ചെയർമാൻ കിഷോർ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോബ് ചിറ്റിലപ്പിള്ളി സ്വാഗതവും ട്രഷറർ നബീൽ ബക്കർ നന്ദിയും പറഞ്ഞു. മാത്യൂസ് സെൽവൻ, രാജേഷ്, ഷാജി അബ്ബാസ്, ചാർളി, ജോബ്, നിതിൻ, ബെന്നി, ബിനോയ് എന്നിവർ സംസാരിച്ചു.
അധ്യാപന രംഗത്തെ സേവനത്തിന് പുറമെ സാഹിത്യത്തിലും സിനിമയിലും സജീവമായ വ്യക്തിത്വമാണ് പി.കെ. ഭരതൻ മാസ്റ്റർ. ‘ശ്രീരാഗം’, ‘പി.കെ. ഭരതന്റെ കഥകൾ’, ‘സിനിമയുടെ ഗൃഹപാഠം’ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.
Comments ()