ദീപാവലി ആഘോഷത്തിനിടെ പടക്കംപൊട്ടി അപകടം: പത്തുവയസ്സുകാരന് ദാരുണാന്ത്യം

ആകാശത്തേക്ക് ഉയർന്നുപൊട്ടുന്ന തരം റോക്കറ്റ് പടക്കത്തിനു തീക്കൊളുത്തുന്നതിനിടെയാണ് അപകടമുണ്ടായത്.

ദീപാവലി ആഘോഷത്തിനിടെ പടക്കംപൊട്ടി അപകടം:  പത്തുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹിയിലെ നരേലയിൽ ദീപാവലി ആഘോഷത്തിനിടെയുണ്ടായ ദാരുണമായ പടക്ക അപകടത്തിൽ പത്തുവയസ്സുകാരൻ കൊല്ലപ്പെട്ടു. നരേല സ്വദേശിയായ ഋഷി എന്ന കുട്ടിയാണ് ഞായറാഴ്ച രാത്രി കുടുംബത്തോടൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ആകാശത്തേക്ക് ഉയർന്നുപൊട്ടേണ്ട റോക്കറ്റ് പടക്കത്തിന് തീക്കൊളുത്തുന്നതിനിടെ നിയന്ത്രണം തെറ്റി കുട്ടിയുടെ നെഞ്ചിലേക്ക് നേരിട്ട് വന്നു പതിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ഋഷിയെ ഉടൻ തന്നെ നരേലയിലെ സത്യവാദി രാജ ഹരിശ്ചന്ദ്ര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ, ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാ വീഴ്ചയാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് കുടുംബം ആരോപിച്ചു. അടിയന്തര ശുശ്രൂഷ നൽകേണ്ട ഘട്ടത്തിൽ ഡോക്ടർമാർ അനാസ്ഥ കാട്ടിയതായി ഋഷിയുടെ മൂത്ത സഹോദരൻ മോഹിത് കുറ്റപ്പെടുത്തി. കുട്ടിയുടെ നില ഗുരുതരമായിരുന്നിട്ടും ഡോക്ടർമാർ പരിശോധിക്കാൻ ഓടിയെത്തിയില്ലെന്നും നെഞ്ചിൽ വെറുതെ അമർത്തുക മാത്രമാണ് ചെയ്തതെന്നും മോഹിത് പറഞ്ഞു. കുട്ടി മരിച്ച വിവരമറിഞ്ഞ് പിതാവ് ബോധരഹിതനായി വീണു. കുട്ടിക്ക് അപ്പോഴും ശ്വാസമുണ്ടായിരുന്നുവെന്നും കൃത്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും മാതാവ് അഞ്ജലിയും പ്രതികരിച്ചു.

അതേസമയം, ദീപാവലി രാത്രിയിൽ ഡൽഹി അഗ്നിശമന സേനയ്ക്ക് റെക്കോർഡ് അടിയന്തര കോളുകളാണ് ലഭിച്ചത്. പടക്ക അപകടങ്ങളുമായി ബന്ധപ്പെട്ട 24 കോളുകൾ ഉൾപ്പെടെ ആകെ 257 അടിയന്തര കോളുകൾ കൺട്രോൾ റൂമിലെത്തിയതിൽ 214 എണ്ണവും തീപിടിത്തവുമായി ബന്ധപ്പെട്ട സംഭവങ്ങളായിരുന്നു.