ദീപാവലിക്ക് പിന്നാലെ വായുമലിനീകരണം അതിരൂക്ഷം; ദില്ലിയിൽ പുറത്തിറങ്ങുന്നതിന് നിയന്ത്രണ നിർദേശം

കോടതി നിർദേശങ്ങൾ നിലനിന്നിരുന്നിട്ടും നഗരത്തിന്റെ പല ഭാഗങ്ങളിലും പടക്കങ്ങൾ പൊട്ടിച്ചതാണ് മലിനീകരണം വർധിക്കാൻ പ്രധാന കാരണങ്ങളിലൊന്നായതെന്നാണ് വിലയിരുത്തൽ

ദീപാവലിക്ക് പിന്നാലെ വായുമലിനീകരണം അതിരൂക്ഷം; ദില്ലിയിൽ പുറത്തിറങ്ങുന്നതിന് നിയന്ത്രണ നിർദേശം

ദില്ലി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ രാജ്യതലസ്ഥാനത്ത് വായുമലിനീകരണം അതീവ ഗുരുതര നിലയിലേക്ക്. നഗരത്തിലെ ചില മേഖലകളിൽ വായു ഗുണനിലവാര സൂചിക (എക്യുഐ) 400ന് മുകളിലെത്തി. തിങ്കളാഴ്ച പുലർച്ചെയോടെ ദില്ലിയുടെ വിവിധ ഭാഗങ്ങൾ കനത്ത പുകമഞ്ഞിൽ മൂടിയതോടെ കാഴ്ചപരിധിയും ഗണ്യമായി കുറഞ്ഞു.

കോടതി നിർദേശങ്ങൾ നിലനിന്നിരുന്നിട്ടും നഗരത്തിന്റെ പല ഭാഗങ്ങളിലും പടക്കങ്ങൾ പൊട്ടിച്ചതാണ് മലിനീകരണം വർധിക്കാൻ പ്രധാന കാരണങ്ങളിലൊന്നായതെന്നാണ് വിലയിരുത്തൽ. നിലവിലെ സാഹചര്യം സർക്കാർ നിരീക്ഷിച്ചുവരികയാണ്.

മലിനമായ വായുവിൽനിന്ന് ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. പ്രഭാത നടത്തം ഉൾപ്പെടെയുള്ള പുറംവ്യായാമങ്ങൾ താൽക്കാലികമായി മാറ്റിവയ്ക്കുന്നതാണ് ഉചിതം.

പുറത്തിറങ്ങേണ്ട സാഹചര്യമുണ്ടെങ്കിൽ എൻ95 നിലവാരത്തിലുള്ള മാസ്ക് ധരിക്കണം. മലിനമായ പുറംവായു വീടിനുള്ളിലേക്ക് കടക്കുന്നത് കുറയ്ക്കാൻ ജനലുകളും വാതിലുകളും അടച്ചിടാനും നിർദേശമുണ്ട്. വീടുകളിൽ എയർ പ്യൂരിഫയർ ഉപയോഗിക്കുന്നത് വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും.

ശ്വാസതടസ്സം, ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ വൈകാതെ വൈദ്യസഹായം തേടണമെന്നും നിർദേശിച്ചിട്ടുണ്ട്.