കുട്ടിയുടെ സംരക്ഷണം ബലമായി ഏറ്റെടുക്കാന്‍ പിതാവിന് അധികാരമില്ല: മദ്രാസ് ഹൈക്കോടതി

ചെന്നൈയില്‍ ഡോക്ടറായ കുഞ്ഞിന്റെ അമ്മ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജിയിലാണ് കോടതി വിധി.

കുട്ടിയുടെ സംരക്ഷണം ബലമായി ഏറ്റെടുക്കാന്‍ പിതാവിന് അധികാരമില്ല: മദ്രാസ് ഹൈക്കോടതി

ചെന്നൈ: പ്രകൃതിദത്ത രക്ഷിതാവെന്ന പദവിയുണ്ടെങ്കിലും, അമ്മയുടെ സമ്മതമില്ലാതെ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ നിർബന്ധിത സംരക്ഷണം ഏറ്റെടുക്കാൻ പിതാവിന് സാധിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. പുതുച്ചേരിയിൽ പിതാവിന്റെ പക്കലുള്ള രണ്ടര വയസ്സുള്ള കുഞ്ഞിനെ ഉടനടി അമ്മയ്ക്ക് തിരികെ നൽകാൻ ഉത്തരവിട്ടുകൊണ്ടാണ് കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്. ജസ്റ്റിസുമാരായ എ.ഡി. ജഗദീഷ് ചന്ദ്ര, ബി. കാർത്തികേയൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഈ വിധി.

ചെന്നൈയിൽ ഡോക്ടറായ യുവതി നൽകിയ ഹേബിയസ് കോർപ്പസ് ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. 2021 ജനുവരി 21-നായിരുന്നു തങ്ങളുടെ വിവാഹമെന്നും 2023-ലും 2024-ലുമായി രണ്ട് കുട്ടികൾ ജനിച്ചതായും യുവതി ഹരജിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് പങ്കാളിയുടെ ശാരീരികവും മാനസികവുമായ പീഡനം കാരണം സ്വന്തം അമ്മയ്‌ക്കൊപ്പമാണ് താൻ കഴിഞ്ഞിരുന്നതെന്നും, കുടുംബ വഴക്കുമായി ബന്ധപ്പെട്ട കേസുകൾ കോടതികളിൽ നിലവിലുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

എന്നാൽ 2026 ഓഗസ്റ്റ് 28-ന് വീട്ടിൽ അതിക്രമിച്ചുകയറിയ പങ്കാളി, തന്റെ സമ്മതമില്ലാതെ കുട്ടികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു. സംഭവത്തിൽ വനിതാ പൊലീസിന് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടർന്നാണ് കുട്ടികളെ കോടതിയിൽ ഹാജരാക്കാനും അവരുടെ സംരക്ഷണം തിരികെ ലഭിക്കാനും ആവശ്യപ്പെട്ട് അവർ ഹേബിയസ് കോർപ്പസ് ഹരജി സമർപ്പിച്ചത്.

മൂന്നാം പ്രതിയായ യുവതിയുടെ പങ്കാളി രണ്ടര വയസ്സുള്ള കുട്ടിയുടെ പിതാവും സ്വാഭാവിക രക്ഷിതാവുമാണെന്ന കാര്യം ശരിയാണെങ്കിലും, കുഞ്ഞിന്റെ കസ്റ്റഡി ബലപ്രയോഗത്തിലൂടെ കൈക്കലാക്കാൻ നിയമപരമായി സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങളിലൂടെ മാത്രമാണ് കുട്ടിയുടെ കസ്റ്റഡിക്കായി ശ്രമിക്കേണ്ടത്. അതിനാൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സംരക്ഷണം ഉടനടി ഹരജിക്കാരിയായ അമ്മയ്ക്ക് കൈമാറാൻ കോടതി നിർദേശിക്കുകയായിരുന്നു.

അതേസമയം, ഈ വിധിയിലെ നിരീക്ഷണങ്ങൾ നിലവിലെ ഹേബിയസ് കോർപ്പസ് ഹരജിയുടെ തീർപ്പിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതാണെന്നും ഇരു കക്ഷികളും മറ്റ് ഫോറങ്ങളിൽ നൽകിയിട്ടുള്ള തുടർന്നുള്ള കേസുകളുടെ വിധിനിർണ്ണയത്തെ ഇത് ഒരു തരത്തിലും സ്വാധീനിക്കില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.