ദീപാവലി ആഘോഷം കണ്ണീരിലായി: തമിഴ്നാട്ടിൽ കുട്ടിയ്ക്ക് ദാരുണാന്ത്യം; 269 പേർക്ക് പരിക്ക്
നവംബർ 7 രാവിലെ 7 മണി മുതൽ നവംബർ 8 രാവിലെ 7 മണിവരെയുള്ള 24 മണിക്കൂറിലെ കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്.
തമിഴ്നാട്ടിൽ ദീപാവലി ആഘോഷങ്ങൾക്കിടെ ഉണ്ടായ പടക്ക അപകടങ്ങളിൽ വൻ ദുരന്തം. പടക്കം പൊട്ടിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽപ്പെട്ട് ഒരു കുട്ടി മരിച്ചു. സംസ്ഥാനത്തുടനീളം 269 പേർക്ക് പൊള്ളലേൽക്കുകയും ആശുപത്രികളിൽ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്. നവംബർ 7 രാവിലെ 7 മണി മുതൽ നവംബർ 8 രാവിലെ 7 മണിവരെയുള്ള 24 മണിക്കൂറിലെ ഔദ്യോഗിക കണക്കുകളാണിത് പുറത്തുവന്നത്.
ആഘോഷവേളയിൽ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ 1,283 ആംബുലൻസുകൾ സജ്ജമാക്കിയിരുന്നെങ്കിലും, സംസ്ഥാനത്തെ '108' അടിയന്തര ആംബുലൻസ് ശൃംഖലയിലേക്ക് കോളുകളുടെ പ്രവാഹമായിരുന്നു. 24 മണിക്കൂറിനുള്ളിൽ 16,079 അടിയന്തര കോളുകളാണ് ലഭിച്ചത്. ഇതിൽ പടക്കം പൊട്ടിയുള്ള അപകടങ്ങളെക്കുറിച്ച് മാത്രം നൂറോളം കോളുകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു.
അപകടങ്ങളെ തുടർന്ന് തഞ്ചാവൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള പ്രധാന ആശുപത്രികളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പെരിയാർ നഗർ ഗവൺമെന്റ് ആശുപത്രിയിൽ 64 പേരെയും തൂത്തുക്കുടി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 13 പേരെയും കിടത്തിച്ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ 46 പേർ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ആശുപത്രി വിട്ടു.
Comments ()