കുവൈത്തിൽ മലയാളി നഴ്‌സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; പരിക്കേറ്റ്‌ 11 പേർ ആശുപത്രിയിൽ

അബ്ബാസിയയിൽനിന്ന് ആശുപത്രിയിലേക്ക് ജോലിക്കായി പോകുന്നതിനിടെയാണ് ഗ്ലാസിയർ ട്രാൻസ്‌പോർട്ടേഷൻ കമ്പനിയുടെ ബസ് അപകടത്തിൽപ്പെട്ടത്

കുവൈത്തിൽ മലയാളി നഴ്‌സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; പരിക്കേറ്റ്‌ 11 പേർ ആശുപത്രിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ മലയാളി വനിതാ നഴ്‌സുമാർ യാത്ര ചെയ്തിരുന്ന ബസ് അപകടത്തിൽപ്പെട്ട് 11 പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഫർവാനിയ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്‌സുമാരാണ് അപകടത്തിൽപ്പെട്ടത്.

അബ്ബാസിയയിൽനിന്ന് ആശുപത്രിയിലേക്ക് ജോലിക്കായി പോകുന്നതിനിടെയാണ് ഗ്ലാസിയർ ട്രാൻസ്‌പോർട്ടേഷൻ കമ്പനിയുടെ ബസ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ ഒരാളുടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. മറ്റ് പത്ത് പേരുടെയും പരിക്കുകൾ സാരമുള്ളതല്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

അപകടത്തിൽ പരിക്കേറ്റവരെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. തോളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റവർക്കും ചികിത്സ തുടരുകയാണ്. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായും റിപ്പോർട്ടുകളുണ്ട്.