കിംഗ് ഖാലിദ് വിമാനത്താവള ആക്രമണം; ഇന്ത്യൻ പൗരന്റെ മരണം സ്ഥിരീകരിച്ച് എംബസി
വിയോഗത്തിൽ റിയാദിലെ ഇന്ത്യൻ എംബസി ദുഃഖം രേഖപ്പെടുത്തി. സംഭവമുണ്ടായതു മുതൽ മരിച്ചയാളുടെ കുടുംബത്തിന് ആവശ്യമായ പിന്തുണ നൽകിയിരുന്നുവെന്നും തുടർന്നും സഹായങ്ങൾ ഉറപ്പാക്കുമെന്നും എംബസി അറിയിച്ചു
റിയാദ്: കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഒക്ടോബർ 10ന് നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ പൗരൻ ചികിത്സയ്ക്കിടെ മരിച്ചു. ഹൂതികൾ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ ഇയാൾ റിയാദിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു.
വിയോഗത്തിൽ റിയാദിലെ ഇന്ത്യൻ എംബസി ദുഃഖം രേഖപ്പെടുത്തി. സംഭവമുണ്ടായതു മുതൽ മരിച്ചയാളുടെ കുടുംബത്തിന് ആവശ്യമായ പിന്തുണ നൽകിയിരുന്നുവെന്നും തുടർന്നും സഹായങ്ങൾ ഉറപ്പാക്കുമെന്നും എംബസി അറിയിച്ചു. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അനുശോചനം അറിയിച്ച എംബസി, മൃതദേഹം നാട്ടിലെത്തിക്കണമോ റിയാദിൽ സംസ്കരിക്കണമോ എന്ന കുടുംബത്തിന്റെ തീരുമാനത്തിനനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ സഹായിക്കുമെന്നും വ്യക്തമാക്കി.
എണ്ണ കയറ്റുമതി പ്രതിസന്ധി മറികടന്ന് അരാംകോ; പൈപ്പ്ലൈൻ ശേഷി കൂട്ടുന്നു
പ്രാദേശിക സംഘർഷങ്ങൾക്കിടയിലും എണ്ണവിതരണം തടസ്സപ്പെടാതിരിക്കാനുള്ള നീക്കങ്ങളുമായി സൗദി അരാംകോ. കമ്പനിയുടെ നിർണായകമായ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്ലൈനിന്റെ ശേഷി വർധിപ്പിക്കുന്നതിനുള്ള എൻജിനീയറിങ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതായി സിഇഒ അമീൻ അൽ നാസർ അറിയിച്ചു.
പൈപ്പ്ലൈൻ പദ്ധതിക്കായി നടത്തിയ നിക്ഷേപം 15 ദിവസത്തെ പ്രവർത്തനത്തിലൂടെ തന്നെ തിരിച്ചുപിടിക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി. പൈപ്പ്ലൈനിന് നേരെയുണ്ടായ ആക്രമണം എണ്ണ കയറ്റുമതിയെ ബാധിച്ചെങ്കിലും ദിവസങ്ങൾക്കുള്ളിൽ വിതരണം സാധാരണ നിലയിലാക്കാൻ കമ്പനിക്ക് സാധിച്ചു.
കയറ്റുമതി തുടർച്ചയായി നിലനിർത്താൻ വിവിധ സംവിധാനങ്ങളാണ് അരാംകോ ഉപയോഗിച്ചത്. സ്വന്തം എണ്ണ ടെർമിനലുകളുടെ പ്രവർത്തനം പരമാവധി പ്രയോജനപ്പെടുത്തുകയും കടലിൽ കപ്പലുകൾ തമ്മിൽ എണ്ണ കൈമാറുന്ന രീതികൾ സ്വീകരിക്കുകയും ചെയ്തു. കൂടാതെ ഉപഭോക്താക്കളിലേക്ക് എണ്ണ എത്തിക്കുന്നതിനുള്ള വിതരണ ശൃംഖല പുനഃക്രമീകരിക്കുകയും ചെയ്തു. ഈ നടപടികളിലൂടെ പ്രതിസന്ധി ഘട്ടത്തിലും ഉയർന്ന കയറ്റുമതി നിരക്ക് നിലനിർത്താനായെന്ന് അൽ നാസർ പറഞ്ഞു.
Comments ()