യുഎഇയിൽ കനത്ത മൂടൽമഞ്ഞിന് സാധ്യത; വിവിധ മേഖലകളിൽ റെഡ്, യെല്ലോ അലർട്ട്, റോഡുകളില്‍ വേഗപരിധി കുറച്ചു

പ്രത്യേകിച്ച് രാജ്യത്തിന്റെ തെക്കൻ മേഖലകളിൽ കാഴ്ചാപരിധി ഗണ്യമായി കുറയാൻ സാധ്യതയുള്ളതിനാൽ ചില പ്രദേശങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്

യുഎഇയിൽ കനത്ത മൂടൽമഞ്ഞിന് സാധ്യത; വിവിധ മേഖലകളിൽ റെഡ്, യെല്ലോ അലർട്ട്, റോഡുകളില്‍ വേഗപരിധി കുറച്ചു

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് രാജ്യത്തിന്റെ തെക്കൻ മേഖലകളിൽ കാഴ്ചാപരിധി ഗണ്യമായി കുറയാൻ സാധ്യതയുള്ളതിനാൽ ചില പ്രദേശങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

മൂടൽമഞ്ഞുള്ള സാഹചര്യങ്ങളിൽ വാഹനമോടിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണമെന്ന് അബുദാബി പൊലീസ് നിർദേശിച്ചു. റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രോണിക് ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന വേഗപരിധി കർശനമായി പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. കാഴ്ചാപരിധി കുറഞ്ഞ മേഖലകളിൽ വാഹനങ്ങളുടെ വേഗം മണിക്കൂറിൽ 80 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സാഹചര്യത്തിനനുസരിച്ച് മാറുന്ന വേഗനിയന്ത്രണ നിർദേശങ്ങൾ ഡ്രൈവർമാർ നിരീക്ഷിക്കണമെന്നും പൊലീസ് അറിയിച്ചു.

രാത്രിയിലും നാളെ പുലർച്ചെയും തീരദേശ, ഉൾനാടൻ മേഖലകളിൽ അന്തരീക്ഷ ഈർപ്പം ഉയരാൻ സാധ്യതയുണ്ട്. ഇതോടെ മൂടൽമഞ്ഞ് തുടരാനോ കൂടുതൽ ശക്തമാകാനോ ഇടയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. രാജ്യത്ത് താപനില 19 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബിയിൽ കുറഞ്ഞ താപനില 26 ഡിഗ്രിയും ദുബൈയിൽ 27 ഡിഗ്രിയും റാസൽഖൈമയിൽ 23 ഡിഗ്രിയും രേഖപ്പെടുത്തിയേക്കും.

കാറ്റ് മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശും. ചില സമയങ്ങളിൽ ഇത് 35 കിലോമീറ്റർ വരെ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. മൂടൽമഞ്ഞ് നിലനിൽക്കുന്ന സമയങ്ങളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കുകയും റോഡിലെ മുന്നറിയിപ്പുകൾ പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.