യുഎഇ പതാകദിനാഘോഷത്തിൽ പ്രസിഡന്റിന്റെ പ്രത്യേക ക്ഷണം; അഭിമാനമായി മലയാളി വനിത

യുഎഇയുടെ 55 വർഷത്തെ ചരിത്രത്തെയും രാജ്യത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചവരെയും ആദരിക്കുന്നതിന്റെ ഭാഗമായാണ് വിവിധ മേഖലകളിൽ ധീരതയും സമർപ്പണവും പ്രകടിപ്പിച്ച 55 പേരെ ചടങ്ങിലേക്ക് തെരഞ്ഞെടുത്തത്

യുഎഇ പതാകദിനാഘോഷത്തിൽ പ്രസിഡന്റിന്റെ പ്രത്യേക ക്ഷണം; അഭിമാനമായി മലയാളി വനിത

അബുദാബി: യുഎഇ പതാകദിനത്തോടനുബന്ധിച്ച് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോടൊപ്പം പതാക ഉയർത്താൻ ക്ഷണിക്കപ്പെട്ട 55 വിശിഷ്ട വ്യക്തികളിൽ മലയാളി വനിതയും. തൃശൂർ കുന്നംകുളം അഞ്ഞൂർ സ്വദേശിനിയും അബുദാബി പോർട്സ് ഗ്രൂപ്പിന്റെ ഫുജൈറ ടെർമിനലിൽ ജോലി ചെയ്യുന്ന ഷംജ മുജീബ് മുഹമ്മദിനാണ് അപൂർവമായ ഈ അംഗീകാരം ലഭിച്ചത്.

യുഎഇയുടെ 55 വർഷത്തെ ചരിത്രത്തെയും രാജ്യത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചവരെയും ആദരിക്കുന്നതിന്റെ ഭാഗമായാണ് വിവിധ മേഖലകളിൽ ധീരതയും സമർപ്പണവും പ്രകടിപ്പിച്ച 55 പേരെ ചടങ്ങിലേക്ക് തെരഞ്ഞെടുത്തത്. അബുദാബിയിലെ ഖസർ അൽ ഹുസ്നിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഇവർ രാഷ്ട്രപതിക്കൊപ്പം പതാക ഉയർത്തി.

പ്രതിസന്ധി നിറഞ്ഞ യുദ്ധകാല സാഹചര്യങ്ങളിൽ ഫുജൈറ ടെർമിനലിൽ ഷംജ നടത്തിയ സേവനങ്ങളും പ്രകടിപ്പിച്ച അസാധാരണമായ ഉത്തരവാദിത്തബോധവുമാണ് ആദരവിന് അർഹയാക്കിയത്. അപ്രതീക്ഷിതമായി ലഭിച്ച ക്ഷണം ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷമാണെന്ന് ഷംജ പ്രതികരിച്ചു.

യുഎഇയിൽ മാധ്യമപ്രവർത്തകനായ മുജീബ് അഞ്ഞൂരിന്റെ ഭാര്യയായ ഷംജ ഇപ്പോൾ കുടുംബത്തോടൊപ്പം ഫുജൈറയിലാണ് താമസം. തൃശൂർ ചാവക്കാട് കേളച്ചേടത്ത് പരേതനായ മുഹമ്മദിന്റെയും സുബൈദയുടെയും മകളാണ്. റൂമി രഹൻ, റിസിൽ സായൂജ്, റെയ്‌സൽ റിസ്വി എന്നിവരാണ് മക്കൾ. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഷമീർ മുഹമ്മദും കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവി പ്രഫ. ഷംല മുഹമ്മദും സഹോദരങ്ങളാണ്.

ചടങ്ങിനിടെ പ്രോട്ടോക്കോൾ മറികടന്ന് അതിഥികളിലൊരാളായ ഡോ. അബ്രാർ അൽ തനീജിയെയും പ്രസിഡന്റ് പതാക ഉയർത്തുന്നതിൽ പങ്കുചേർത്തു. ചടങ്ങിൽ പങ്കെടുത്ത ഓരോരുത്തരെയും നേരിട്ട് ഹസ്തദാനം ചെയ്ത് അഭിനന്ദിച്ച ഷെയ്ഖ് മുഹമ്മദ്, അവരോടൊപ്പം ചിത്രങ്ങളെടുക്കാനും സമയം കണ്ടെത്തി.