മണ്ണിനടിയിൽ കുഴിച്ചിട്ടത് 11 മാസം പ്രായമുള്ള കുഞ്ഞിനെ; 24 മണിക്കൂറിന് ശേഷം അത്ഭുത രക്ഷ

കോയാ ഷാർപ്പ് എന്ന കുഞ്ഞിനെയാണ് വയർ കൊണ്ട് നിർമ്മിച്ച കൂട്ടിനുള്ളിൽ അടച്ച് മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്

മണ്ണിനടിയിൽ കുഴിച്ചിട്ടത് 11 മാസം പ്രായമുള്ള കുഞ്ഞിനെ; 24 മണിക്കൂറിന് ശേഷം അത്ഭുത രക്ഷ

ദക്ഷിണ കരോലിന: അമേരിക്കയിലെ ദക്ഷിണ കരോലിനയിൽ കാണാതായ 11 മാസം പ്രായമുള്ള കുഞ്ഞിനെ മണ്ണിനടിയിൽ നിന്ന് ജീവനോടെ കണ്ടെത്തി. കോയാ ഷാർപ്പ് എന്ന കുഞ്ഞിനെയാണ് വയർ കൊണ്ട് നിർമ്മിച്ച കൂട്ടിനുള്ളിൽ അടച്ച് മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഏകദേശം 24 മണിക്കൂറോളം മണ്ണിനടിയിൽ കഴിഞ്ഞ ശേഷമാണ് കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്.

കുഞ്ഞിനെ കാണാനില്ലെന്ന പരാതിയെ തുടർന്ന് ലെക്സിങ്ടൺ കൗണ്ടി പൊലീസ് തിങ്കളാഴ്ച ഉച്ചയോടെ അന്വേഷണം ആരംഭിച്ചിരുന്നു. മുത്തശ്ശിയുടെ പരിചരണത്തിലായിരുന്ന കുഞ്ഞിനെ അവർ പുറത്തുപോയ സമയത്ത് പിതാവായ 25കാരൻ മൈക്കൽ കോമറിനെയാണ് ഏൽപ്പിച്ചിരുന്നത്. പിന്നീട് മറ്റൊരു പരിചാരകൻ വീട്ടിലെത്തിയപ്പോൾ കുഞ്ഞിനെയും മൈക്കൽ കോമറിനെയും കാണാനില്ലെന്ന് മനസ്സിലായതോടെയാണ് പൊലീസിൽ വിവരം അറിയിച്ചത്.

തുടർന്ന് നടത്തിയ തിരച്ചിലിനിടെ തിങ്കളാഴ്ച രാത്രി ബേറ്റ്സ്ബർഗിലെ ഒരു കെട്ടിടത്തിൽനിന്ന് മൈക്കൽ കോമറിനെ പൊലീസ് കണ്ടെത്തി. എന്നാൽ കുഞ്ഞ് ഇയാളുടെ കൂടെയുണ്ടായിരുന്നില്ല. ഇതോടെ നൂറോളം പൊലീസുകാരും രക്ഷാപ്രവർത്തകരും ഉൾപ്പെട്ട സംഘം തിരച്ചിൽ വ്യാപിപ്പിച്ചു. മൈക്കൽ കോമറിന്റെ വീടിന് സമീപത്തെ വനമേഖലയിൽ പുതുതായി ഇളക്കിയ മണ്ണ് ശ്രദ്ധയിൽപ്പെട്ടതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

മണ്ണ് നീക്കം ചെയ്യുന്നതിനിടെ കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെ സംഘം സ്ഥലത്ത് കൂടുതൽ പരിശോധന നടത്തി. ഏകദേശം 50 അടി അകലെയുള്ള ഭാഗത്തുനിന്നാണ് ടൗവലിൽ പൊതിഞ്ഞ നിലയിൽ വയർ കൂട്ടിനുള്ളിൽ കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ച കുഞ്ഞ് ഇപ്പോൾ നിരീക്ഷണത്തിലാണ്.

മണ്ണിനടിയിൽ ഏറെ നേരം കഴിഞ്ഞിട്ടും കുഞ്ഞ് രക്ഷപ്പെട്ടത് കൂട്ടിന് ചുറ്റും പൊതിഞ്ഞിരുന്ന തുണിയിൽ ഉണ്ടായിരുന്ന ചെറിയ വായുസഞ്ചാര ഇടം കാരണമാകാമെന്നാണ് ലെക്സിങ്ടൺ കൗണ്ടി ഷെരീഫ് ജെയ് കൂൺ പറഞ്ഞത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട നിമിഷം ഏറെ ആശ്വാസം നൽകിയതായി അദ്ദേഹം പ്രതികരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മൈക്കൽ കോമറിനെതിരെ മോഷണം, അറസ്റ്റ് ചെറുത്തുനിൽക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പൊലീസ് നടപടി സ്വീകരിച്ചു. കുഞ്ഞിനെ മണ്ണിനടിയിൽ കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ കുറ്റങ്ങൾ ചുമത്താനുള്ള സാധ്യതയും അധികൃതർ പരിശോധിച്ചുവരികയാണ്.