പാസ്പോർട്ട് ഉൾപ്പെടെ നഷ്ടമായി; ഇറാനിൽ കുടുങ്ങി മലയാളി യുവാവ്
കൊല്ലം പ്രാക്കുളം സ്വദേശി അക്ഷയ് ഹരീഷാണ് ഇറാനിൽ കുടുങ്ങിയത്.
കൊല്ലം: പാസ്പോർട്ടും മറ്റ് യാത്രാരേഖകളും നഷ്ടപ്പെട്ടതിനെ തുടർന്ന് മലയാളി യുവാവ് ഇറാനിൽ കുടുങ്ങി. കൊല്ലം പ്രാക്കുളം സ്വദേശിയായ അക്ഷയ് ഹരീഷാണ് 11 മാസമായി നാട്ടിലേക്ക് മടങ്ങാനാകാതെ ദുരിതത്തിലായിരിക്കുന്നത്. അലി ഷിപ്പിംഗ് കമ്പനിയുടെ 'പാം മറൈൻ' എന്ന കപ്പലിൽ വാച്ച് കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു അക്ഷയ്.
ദുബായിൽ ജോലി നൽകാം എന്ന് വിശ്വസിപ്പിച്ചാണ് ഏജന്റ് അക്ഷയിയെ കൊണ്ടുപോയതെങ്കിലും കപ്പലിന്റെ സർവീസ് കൂടുതലും ഇറാനിലേക്കായിരുന്നു. യുദ്ധത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന കപ്പൽ സർവീസ് ഏതാനും മാസങ്ങൾക്ക് മുൻപാണ് പുനരാരംഭിച്ചത്. പാകിസ്ഥാനിൽ നിന്ന് അരി കൊണ്ടുവരുന്നതിനായുള്ള യാത്രയ്ക്കിടെ പാക് തുറമുഖത്ത് വെച്ചാണ് രേഖകൾ നഷ്ടപ്പെടുന്നത്. പരിശോധനയ്ക്കായി പാകിസ്ഥാൻ അധികൃതർ വാങ്ങിയ പാസ്പോർട്ടും മറ്റ് യാത്രാരേഖകളും തിരികെ നൽകിയില്ലെന്ന് അക്ഷയ് പറയുന്നു. രേഖകൾ കപ്പലിലെ ക്യാപ്റ്റനെ ഏൽപ്പിച്ചെന്ന കരുതൽ തെറ്റായിരുന്നുവെന്നും, ഇറാനിലെത്തി തിരികെ പോകാൻ തയ്യാറെടുക്കുമ്പോഴാണ് പാസ്പോർട്ട് ക്യാപ്റ്റന്റെ കൈവശമില്ലെന്ന വിവരമറിയുന്നതെന്നും യുവാവ് വ്യക്തമാക്കി. പാസ്പോർട്ട് പാകിസ്ഥാനിലുണ്ടോ എന്ന് കമ്പനി അന്വേഷിച്ചെങ്കിലും ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്.
അതേസമയം, അക്ഷയിയോടൊപ്പം രേഖകൾ നഷ്ടപ്പെട്ട മറ്റ് ആറ് മ്യാൻമർ പൗരന്മാരെ അവരുടെ എംബസി ഇടപെട്ട് സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിച്ചിരുന്നു. സംഭവത്തിൽ കൊല്ലം എം.എൽ.എയും മന്ത്രിയുമായ ബിന്ദു കൃഷ്ണ അക്ഷയുമായി ഫോണിൽ സംസാരിച്ച് വിവരങ്ങൾ ആരാഞ്ഞു. യുവാവിനെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനായി മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി, ഇറാനിലെ ഇന്ത്യൻ എംബസി എന്നിവർക്ക് മന്ത്രി കത്തയച്ചു.
Comments ()