സുരേഷ് ഗോപിയുടെ ഇടപെടൽ ഫലം കണ്ടു; ഇറാനിൽ കുടുങ്ങിയ അക്ഷയ് നാളെ നാട്ടിലേക്ക്

ഇന്ത്യൻ എംബസി അക്ഷയ്‌യെ നേരിട്ട് ബന്ധപ്പെടുകയും നാട്ടിലേക്ക് മടങ്ങാനുള്ള ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്തു

സുരേഷ് ഗോപിയുടെ ഇടപെടൽ ഫലം കണ്ടു; ഇറാനിൽ കുടുങ്ങിയ അക്ഷയ് നാളെ നാട്ടിലേക്ക്

കൊല്ലം: പാസ്‌പോർട്ടും മറ്റ് യാത്രാരേഖകളും നഷ്ടപ്പെട്ടതിനെ തുടർന്ന് ഇറാനിൽ കുടുങ്ങിപ്പോയ മലയാളി യുവാവ് അക്ഷയ് ഹരീഷ് നാളെ നാട്ടിലേക്ക് മടങ്ങും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ അടിയന്തര ഇടപെടലിനെ തുടർന്നാണ് യുവാവിന്റെ മടക്കയാത്രയ്ക്ക് വഴിയൊരുങ്ങിയത്. ഇന്ത്യൻ എംബസി അക്ഷയുമായി നേരിട്ട് ബന്ധപ്പെടുകയും നാളെത്തന്നെ യാത്രാരേഖകൾ ലഭ്യമാക്കി നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.

കൊല്ലം പ്രാക്കുളം സ്വദേശികളായ ഹരീഷിന്റെയും സരിതയുടെയും മകനായ 22-കാരൻ അക്ഷയ്, അലി ഷിപ്പിംഗ് കമ്പനിയുടെ 'പാം മറൈൻ' എന്ന കപ്പലിൽ വാച്ച് കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു. പാക് തുറമുഖത്തെത്തിയപ്പോൾ പരിശോധനയ്ക്കായി നൽകിയ രേഖകൾ തിരികെ ക്യാപ്റ്റനെ ഏൽപ്പിച്ചിട്ടുണ്ടാകുമെന്നാണ് അക്ഷയ് കരുതിയിരുന്നത്. എന്നാൽ, കപ്പൽ ഇറാനിൽ തിരിച്ചെത്തിയപ്പോഴാണ് പാസ്‌പോർട്ട് ഉൾപ്പെടെയുള്ളവ നഷ്ടപ്പെട്ട വിവരം അറിയുന്നത്.

അക്ഷയ്ക്കൊപ്പം കപ്പലിലുണ്ടായിരുന്ന ആറ് മ്യാൻമർ പൗരന്മാരുടെ രേഖകളും സമാനമായ രീതിയിൽ നഷ്ടമായിരുന്നു. ആഴ്ചകളോളം കപ്പലിൽ കുടുങ്ങിക്കിടന്ന ഏഴംഗ സംഘത്തെ പിന്നീട് ഹോട്ടലിലേക്ക് മാറ്റി. ഇതിൽ മ്യാൻമർ സ്വദേശികൾ രണ്ട് ദിവസം മുൻപ് നാട്ടിലേക്ക് മടങ്ങിയതോടെ അക്ഷയ് മാത്രമാണ് അവിടെ അവശേഷിച്ചിരുന്നത്.

യുവാവിനെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനായി മുഖ്യമന്ത്രി, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി, കേന്ദ്ര വിദേശകാര്യ മന്ത്രി എന്നിവർ തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു. മകന്റെ മോചനത്തിനായി ഇടപെട്ട കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് അക്ഷയുടെ അമ്മ നന്ദി അറിയിച്ചു.