മിന്നൽ പ്രളയം: മലേഷ്യയിൽ 2 മലയാളികൾ മരിച്ചു

ദീപാവലി അവധി ആഘോഷിക്കുന്നതിനായി അനീഷും ലിനിലും റവാങ്ങിലെ തടാകത്തിൽ എത്തിയപ്പോഴായിരുന്നു അപകടം

മിന്നൽ പ്രളയം: മലേഷ്യയിൽ 2 മലയാളികൾ മരിച്ചു

പിറവം / കോഴിക്കോട്: മലേഷ്യയിലെ റവാങ്ങിലുണ്ടായ ഉരുൾപൊട്ടലിനെയും മിന്നൽപ്രളയത്തെയും തുടർന്ന് രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. പിറവം മണീട് ചീരക്കാട്ടുപാറ കുഞ്ഞൻമലയിൽ കെ.ബി. അനീഷ് (35), കോഴിക്കോട് കൽപത്തൂർ ചുണ്ടക്കാട്ടിൽ ലിനിൽ (44) എന്നിവരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞ മലയാളി യുവാക്കൾ. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം.

ദീപാവലി അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായി റവാങ്ങിലെ തടാക സന്ദർശനത്തിന് എത്തിയപ്പോഴായിരുന്നു അനീഷും ലിനിലും അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാണാതായ എട്ടു പേരിൽ അഞ്ചുപേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടന്ന 19 പേരെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെത്തിച്ചു.

കഴിഞ്ഞ ഏഴു വർഷമായി മലേഷ്യയിൽ മെഷീൻ ഓപ്പറേറ്ററായി ജോലി ചെയ്തു വരികയായിരുന്ന അനീഷ്, സഹോദരന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ ഒരു മാസം മുൻപാണ് നാട്ടിലെത്തി മടങ്ങിയത്. ഭാസ്കരൻ-സുജാത ദമ്പതികളുടെ മകനാണ്. സി.എസ്. രേഷ്മയാണ് ഭാര്യ. മകൻ: ഭവദേവ്.

മലേഷ്യയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ ലിനിൽ, നാരായണന്റെയും രുഗ്മിണിയുടെയും മകനാണ്. ജേഷ്മയാണ് ഭാര്യ. വിഷ്ണു വേദ്, വരുൺ വേദ് എന്നിവർ മക്കളാണ്.

ദുരന്തത്തിൽ മരിച്ച അനീഷിന്റെയും ലിനിലിന്റെയും മൃതദേഹങ്ങൾ നിലവിൽ റവാങ്ങിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.