സഹോദരനൊപ്പം ട്യൂഷന് പോകുന്നതിനിടെ കാറിടിച്ച് 11കാരിക്ക് ദാരുണാന്ത്യം, അപകടമുണ്ടാക്കിയത് തെറ്റായ ദിശയില്‍ വന്ന വാഹനം

മാനന്തവാടി–കല്ലോടി റോഡിൽ രണ്ടേനാൽ പന്നിച്ചാൽ പടിഞ്ഞാറെപ്പുത്തൻപുരയിൽ രാജേഷ്–സ്വപ്ന ദമ്പതികളുടെ മകൾ ദിവ രാജേഷ് (11) ആണ് മരിച്ചത്

സഹോദരനൊപ്പം ട്യൂഷന് പോകുന്നതിനിടെ കാറിടിച്ച് 11കാരിക്ക് ദാരുണാന്ത്യം, അപകടമുണ്ടാക്കിയത് തെറ്റായ ദിശയില്‍ വന്ന വാഹനം

കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ സഹോദരനൊപ്പം ട്യൂഷന് പോകുന്നതിനിടെ കാറിടിച്ച് വിദ്യാർഥിനി മരിച്ചു. അപകടത്തിൽ ഏഴുവയസ്സുകാരനായ സഹോദരനും എതിരെ വന്ന സ്കൂട്ടറിലെ യാത്രക്കാർക്കും പരിക്കേറ്റു. മാനന്തവാടി–കല്ലോടി റോഡിൽ രണ്ടേനാൽ പന്നിച്ചാൽ പടിഞ്ഞാറെപ്പുത്തൻപുരയിൽ രാജേഷ്–സ്വപ്ന ദമ്പതികളുടെ മകൾ ദിവ രാജേഷ് (11) ആണ് മരിച്ചത്. മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് 4.30ഓടെയായിരുന്നു അപകടം. അനിയൻ ഡെറിക്കിനൊപ്പം ട്യൂഷനിലേക്ക് നടന്നു പോകുകയായിരുന്ന ദിവയെ കല്ലോടി ഭാഗത്തുനിന്ന് മാനന്തവാടിയിലേക്ക് വന്ന കാർ പിന്നിൽ നിന്നിടിക്കുകയായിരുന്നു. റോഡിന്റെ ഇടതുവശത്തുകൂടി സഞ്ചരിക്കേണ്ട വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് വലതുവശത്തേക്ക് കടന്നാണ് കുട്ടികളെ ഇടിച്ചതെന്നാണ് വിവരം. കുട്ടികളെ ഇടിച്ച കാർ എതിരെ വന്ന സ്കൂട്ടറിലും ഇടിച്ച ശേഷമാണ് നിന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ ദിവയെ ആദ്യം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ ഡെറിക്കിന് വാഹനമിടിച്ച് പരിക്കേറ്റെങ്കിലും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. സ്കൂട്ടർ യാത്രക്കാരും പരിക്കേറ്റ് ചികിത്സയിലാണ്. കാർ ഓടിച്ചിരുന്ന അയിലമൂല സ്വദേശി സജി എബ്രഹാമിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദിവയുടെ പിതാവ് രാജേഷ് മാനന്തവാടി മെഡിക്കൽ കോളജിൽ ഐടി കോ-ഓർഡിനേറ്ററായി ജോലി ചെയ്തിരുന്നു. നിലവിൽ ഓസ്ട്രിയയിലാണ്. മാതാവ് സ്വപ്ന മാനന്തവാടിയിൽ ദിഗ്സ് സ്പാ ബ്യൂട്ടി പാർലർ നടത്തിവരികയാണ്.