1100 രൂപയുടെ പെന്‍ഷന്‍ അക്കൗണ്ടില്‍ 759 കോടി! ബിഹാറില്‍ വയോധികനെയും മകനെയും ഞെട്ടിച്ച് ബാങ്ക് ബാലന്‍സ്

കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിഞ്ഞത് 759 കോടിയിലധികം രൂപ.

1100 രൂപയുടെ പെന്‍ഷന്‍ അക്കൗണ്ടില്‍ 759 കോടി! ബിഹാറില്‍ വയോധികനെയും മകനെയും ഞെട്ടിച്ച് ബാങ്ക് ബാലന്‍സ്

പട്‌ന: ബിഹാറിലെ മുസാഫര്‍പൂരില്‍ പെന്‍ഷന്‍ തുക പരിശോധിക്കാനെത്തിയ 82-കാരനായ വയോധികന്‍ തന്റെ അക്കൗണ്ട് ബാലന്‍സ് കണ്ട് ഞെട്ടി. വാര്‍ദ്ധക്യകാല പെന്‍ഷന്‍ വാങ്ങാനായി ഭിന്നശേഷിക്കാരനായ മകനൊപ്പം ജനസേവന കേന്ദ്രത്തില്‍ എത്തിയ കാമേശ്വര്‍ മിശ്രയ്ക്കാണ് ഈ അദ്ഭുത അനുഭവമുണ്ടായത്. പെന്‍ഷന്‍ പണം പിന്‍വലിച്ച ശേഷം ബാക്കി തുക എത്രയുണ്ടെന്ന് പരിശോധിക്കാന്‍ അദ്ദേഹം സിഎസ്സി ഓപ്പറേറ്ററോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിഞ്ഞത് 759 കോടിയിലധികം രൂപയുടെ (759,69,51,951 രൂപ) വന്‍ തുകയാണ്.

ഇതേത്തുടര്‍ന്ന് സംശയം തോന്നി മകന്റെ അക്കൗണ്ട് പരിശോധിച്ചപ്പോഴും സമാനമായ രീതിയില്‍ കോടികളാണ് സ്‌ക്രീനില്‍ തെളിഞ്ഞത്. രണ്ട് അക്കൗണ്ടുകളിലുമായി ആകെ 1,500 കോടിയിലധികം രൂപയാണ് കാണിച്ചത്. തുക കണ്ട് കാമേശ്വര്‍ മിശ്രയും സിഎസ്സി ഓപ്പറേറ്ററും ഒരുപോലെ അമ്പരന്നു. ബാങ്കിങ് സംവിധാനത്തിലുണ്ടായ സാങ്കേതിക പിഴവാകാം ഇതിന് പിന്നിലെന്നാണ് കുടുംബത്തിന്റെ നിഗമനം. ഇത്രയും വലിയ തുക എവിടെ നിന്നാണ് വന്നതെന്ന് വ്യക്തമല്ലെന്നും, ഈ പിശക് തിരുത്താനായി ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ടെന്നും കാമേശ്വര്‍ മിശ്ര പറഞ്ഞു. വിവരമറിഞ്ഞ് ബാങ്ക് അധികൃതര്‍ ഉടന്‍ തന്നെ ഇടപെടുകയും, മിനിറ്റുകള്‍ക്കകം രണ്ട് അക്കൗണ്ടുകളില്‍ നിന്നും ഈ തുക അപ്രത്യക്ഷമാവുകയും ചെയ്തു.