ന്യൂഡിൽസ് കഴിച്ച ശേഷം ഉറങ്ങാൻ കിടന്നു, രാവിലെ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ

മഹേഷ് (37), ഭാര്യ ലളിത (35), മക്കളായ ലദ്ദു (11), മിഷ്തി (ഏഴ്), സക്ഷത് (മൂന്ന്) എന്നിവരെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ന്യൂഡിൽസ് കഴിച്ച ശേഷം ഉറങ്ങാൻ കിടന്നു, രാവിലെ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ

ദില്ലി: ഗ്രേറ്റർ നോയിഡയിൽ മൂന്നു കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രബുപുര മേഖലയിലെ നഗ്ല ശ്രീ പാദം ഗ്രാമവാസികളായ മഹേഷ് (37), ഭാര്യ ലളിത (35), മക്കളായ ലദ്ദു (11), മിഷ്തി (7), സക്ഷത് (3) എന്നിവരാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ശനിയാഴ്ച രാവിലെയാണ് കുടുംബത്തിലെ എല്ലാവരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണപ്പെട്ടവരുടെ വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു. വെള്ളിയാഴ്ച രാത്രി കുടുംബം ന്യൂഡിൽസ് കഴിച്ചിരുന്നതായി മഹേഷിന്റെ മാതാവും അയൽവാസികളും മൊഴി നൽകിയിട്ടുണ്ട്.

വിവരമറിഞ്ഞതിനെ തുടർന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, ആംബുലൻസ്, ഭക്ഷ്യസുരക്ഷാ വിഭാഗം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറൻസിക് സംഘം സ്ഥലത്തുനിന്ന് ശാസ്ത്രീയ പരിശോധനകൾക്കാവശ്യമായ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റി. പോസ്റ്റുമോർട്ടം, ഫൊറൻസിക് റിപ്പോർട്ടുകൾ ലഭിച്ച ശേഷമേ യഥാർത്ഥ മരണകാരണം സ്ഥിരീകരിക്കാനാകൂ എന്നും, റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.