ഒരു വർഷത്തേക്ക് സമാധാനം തകർക്കുന്ന പ്രവർത്തനങ്ങൾ പാടില്ല; കർശന ജാമ്യവ്യവസ്ഥകളോടെ ജയിൽമോചിതനായി അഭിജീത് ദീപ്കെ
ജാമ്യവ്യവസ്ഥകൾ ആവർത്തിച്ച് ലംഘിക്കുന്നതിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ജാമ്യ ഉത്തരവിന്റെ പകർപ്പ് ഇതുവരെ പുറത്തുവന്നിട്ടില്ല. മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽനിന്നാണ് ദീപ്കെയെ വിട്ടയച്ചത്
ദില്ലി: കോണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കത്തിനിടെ അറസ്റ്റിലായ കോക്റോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെ ജയിൽമോചിതനായി. എന്നാൽ സമാധാനാന്തരീക്ഷം തകർക്കുന്ന പ്രവർത്തനങ്ങളിലോ അത്തരം ആഹ്വാനങ്ങളിലോ ഒരു വർഷത്തേക്ക് ഏർപ്പെടരുതെന്നതടക്കമുള്ള കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചതെന്നാണ് വിവരം. മാധ്യമങ്ങളുമായി ബന്ധപ്പെട്ട ഇടപെടലുകളിലും നിയന്ത്രണങ്ങളുണ്ടെന്നാണ് സൂചന. ജാമ്യവ്യവസ്ഥകൾ ആവർത്തിച്ച് ലംഘിക്കുന്നതിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ജാമ്യ ഉത്തരവിന്റെ പകർപ്പ് ഇതുവരെ പുറത്തുവന്നിട്ടില്ല. മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽനിന്നാണ് ദീപ്കെയെ വിട്ടയച്ചത്.
അതേസമയം, ജന്തർ മന്തറിൽ നടന്ന ആദ്യ പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ സുപ്രീംകോടതിയുടെ ഉന്നതാധികാര സമിതി അന്വേഷണം ആരംഭിച്ചു. പെല്ലറ്റ് പ്രയോഗം, വനിതാ പ്രവർത്തകർക്കെതിരായ മർദനം തുടങ്ങിയ ആരോപണങ്ങളിൽ സമിതി തെളിവുകൾ തേടുന്നുണ്ട്. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നതിനായി വെബ്സൈറ്റും ഒരുക്കിയിട്ടുണ്ട്. ദീപ്കെയുടെ ജയിൽമോചനത്തെ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ സ്വാഗതം ചെയ്തു. ദേശീയ പതാക ഉയർത്തുക എന്നത് എല്ലാവരുടെയും അവകാശമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
തിഹാർ ജയിലിൽ റിമാൻഡിൽ കഴിയുന്ന സൗരവ് ദാസിനും അശുതോഷ് രങ്കയ്ക്കും വേണ്ടിയാണ് ഇനി കാത്തിരിക്കുന്നതെന്ന് മോചിതനായതിന് പിന്നാലെ ദീപ്കെ എക്സിൽ കുറിച്ചു. ജന്തർ മന്തറിൽ അതിക്രമിച്ചുകയറിയെന്നാരോപിച്ചാണ് ഇരുവരെയും ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്ക് ഇന്ന് മോചനം ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇരുവർക്കും ജാമ്യം അനുവദിക്കരുതെന്ന നിലപാടിലാണ് ദില്ലി പൊലീസ്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ നടക്കുന്ന പ്രതിഷേധങ്ങൾ തുടരാനുള്ള സാധ്യതയുണ്ടെങ്കിലും നവരാത്രി ആഘോഷങ്ങൾ കണക്കിലെടുത്ത് ഇന്ന് സംഘടനകൾ ഔദ്യോഗികമായി സമരപരിപാടികൾ പ്രഖ്യാപിച്ചിട്ടില്ല. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന നിരവധി നേതാക്കൾ നവരാത്രി, ദസറ ആഘോഷങ്ങൾക്കായി സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
Comments ()